ട്രാക്കില്‍ തിളങ്ങിയ അസ്മ സര്‍ക്കാര്‍ സര്‍വ്വീസില്‍

post

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് കോട്ട നിയമനത്തിനത്തിലൂടെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിനി അസ്മ ബീവി. 195 പേര്‍ക്കുള്ള നിയമന ഉത്തരവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയപ്പോള്‍ അത് അസ്മയുടെ ജീവിതത്തിനും പുതുനിറങ്ങള്‍ സമ്മാനിക്കുകയാണ്. 2010 - 14 വര്‍ഷങ്ങളില്‍ മുടങ്ങിയ നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ഉമ്മ കൂലിപണിയെടുത്താണ് തന്നെയും സഹോദരങ്ങളെയും പഠിപ്പിച്ചതും വളര്‍ത്തിയതും. ജോലി കിട്ടുമ്പോള്‍ തന്റെ കുടുംബത്തിനായി വളരെയേറെ ചെയ്യാനുണ്ടെന്നും മുടങ്ങിക്കിടന്ന നിയമനം വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുമ്പോള്‍ ഉമ്മയും സഹോദരങ്ങളും ഏറെ സന്തുഷ്ടരാണെന്നും അസ്മ പറഞ്ഞു.

വെള്ളത്തൂവല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അസ്മ കായിക രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള കൊന്നത്തടി സര്‍ക്കാര്‍ സ്‌കൂളിലും അസ്മ മത്സരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് എട്ടാം ക്ലാസ് മുതല്‍ തിരുവനന്തപുരം ജി. വി. രാജ സ്‌പോര്‍ട്‌സ് സൂകളിലാണ് പഠിച്ചത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് ഡിഗ്രിയും പിജിയും പൂര്‍ത്തിയാക്കി. ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ടീമില്‍ അംഗമായിരുന്ന അസ്മ രണ്ടുവട്ടം സ്വര്‍ണമെഡല്‍ ജേത്രിയാണ്. 800, 1500 മീറ്ററുകളിലും നിരവധി മെഡലുകള്‍ സംസ്ഥാനതലത്തില്‍ നേടിയ അസ്മ നിരവിധി തവണ നാഷ്ണല്‍ മീറ്റുകളിലും പങ്കെടുത്തു. ഈ നേട്ടങ്ങളാണ് അസ്മയെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിച്ചത്.  ഭര്‍ത്താവ് ഹാരിസ് അസീസ്സും മകള്‍ ഫാത്തിമയുമാണ്.