ഏലപ്പാറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കരുതല്‍ പദ്ധതി ആരംഭിച്ചു

post



ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു വേണ്ടിയാണ് കരുതല്‍ പദ്ധതി സംഘടിപ്പിച്ചത്. തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളിലും തുടര്‍ന്നുപോകുന്ന വിധത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പിടിഎ പ്രസിഡന്റ് നഹാസ് ആര്‍. അധ്യക്ഷത വഹിച്ചു. ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി.


ഈ വര്‍ഷത്തെ എസ് എസ് എന്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയമാണ് ഏലപ്പാറ സ്‌കൂള്‍ കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കിയാണ് ആദരിച്ചത്. ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് 20,000 രൂപയും, രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 15,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5,000 രൂപയും എന്ന വിധത്തിലാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. പരിപാടിയില്‍ സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്‌സ് ക്ലബ് സ്പോണ്‍സര്‍ ചെയ്ത 25,000 രൂപ വില വരുന്ന സ്പോര്‍ട്സ് ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണി നിര്‍വ്വഹിച്ചു.


തോട്ടം മേഖലയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന വിദ്യാലയമാണ് ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി വരികയാണ്. വൈകാതെ പ്ലസ് ടു സയന്‍സ് ബാച്ചും സ്‌കൂളില്‍ ആരംഭിക്കും. തോട്ടം മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.