എരുമക്കാട് കോളനിയിലെ 14 കുടുംബങ്ങള്‍ക്കും വീട് നല്‍കുന്നതിന് നടപടി സ്വീകരിക്കും

post

പത്തനംതിട്ട :ആറന്മുള എരുമക്കാട് കോളനിയിലെ 14 കുടുംബങ്ങള്‍ക്കും അടുത്ത സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ഇവര്‍ക്ക് പ്രത്യേക പാക്കേജായി വീടുവച്ചു നല്കുന്നതിനോ, ലൈഫ് പരിധിയില്‍ മുന്‍ഗണന നല്‍കിയോ വീട് നല്‍കുന്നതിന് സ്ഥലം സന്ദര്‍ശിച്ചശേഷം ശിപാര്‍ശ സഹിതം വിശദാംശങ്ങള്‍ ഡയറക്ടര്‍ക്ക്  നല്‍കിയിട്ടുണ്ട്. ഈ കോളനിയിലെ 14 പേര്‍ക്കും 30 വര്‍ഷം മുന്‍പ് പതിച്ചു കിട്ടിയ ഭൂമിയും വീടുമാണുള്ളത്. എന്നാല്‍ ആരും ഭൂമി സ്വന്തം പേരില്‍ കൂട്ടുകയോ കരമടയ്ക്കുകയോ ചെയ്തിരുന്നില്ല. 2017-ല്‍ 12 പേര്‍ക്ക് കരം ഒടുക്കിയിരുന്നു. ബാക്കി രണ്ട് പേരുടെ വസ്തു പേരില്‍ കൂട്ടുന്നതിന് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. 2017 ല്‍ പോക്കുവരവ് ചെയ്ത ശേഷം ഭവനപദ്ധതി ലൈഫിലൂടെയായ സന്ദര്‍ഭത്തില്‍ ആരും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ പകുതി പേരും ലൈഫ് പദ്ധതിയില്‍ ഉള്‍പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.
കോളനിയില്‍ നിലവില്‍ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള കുടിവെള്ള പദ്ധതിയുണ്ട്. കിണറിന്റെ മോട്ടോര്‍ കത്തിപ്പോയതിനാല്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് അത് മാറ്റി വയ്ക്കുന്നതിന് ജല അതോറിട്ടിയോട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിട്ടിയുടെ കണക്ഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായം ആവശ്യമുള്ളവര്‍ക്ക് അപേക്ഷാ ഫോം നല്‍കി. കോളനി നിവാസികള്‍ക്ക് എല്ലാ സഹായവും ചെയ്തു നല്‍കുന്നതിന് എസ്.സി പ്രൊമോട്ടറെയും ചുമതലപ്പെടുത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബിജി, വാര്‍ഡ് മെമ്പര്‍ സുജാ മണി, എസ്.സി പ്രമോട്ടര്‍ ആതിര  എന്നിവര്‍ കോളനി സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തി.