ദേശീയ വൈദ്യുത സുരക്ഷാവാരം തുടങ്ങി

post


വൈദ്യുതാപകടം കുറയ്ക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ജൂണ്‍ 26 മുതലുള്ള ഒരാഴ്ച്ച ദേശീയ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുകയാണ്. തീപിടുത്തം മൂലമുള്ള അപകടങ്ങള്‍ കൂടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ അവോയിഡ് ലൂസ് വയേര്‍സ് പ്രിവന്റ് ഇലക്ട്രിക്ക് ഫയര്‍സ് എന്നതാണ് വൈദ്യുത സുരക്ഷാവാരവുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ മുദ്രാവാക്യം. ദേശീയ വാരാചരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന ബോധവത്ക്കരണ നടപടികളുടെ ഭാഗമായി വീട്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നടത്തുന്ന വൈദ്യുതീകരണം, താത്ക്കാലിക വൈദ്യുതീകരണം, നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവ ആരംഭിക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട വൈദ്യുത സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സുരക്ഷാ വാരാചരണത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കും.


പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വൈദ്യുത സുരക്ഷ മുന്‍കരുതലുകള്‍

* ആര്‍.സി.സി.ബിയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തുക.

* ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമെ ഘടിപ്പിക്കാന്‍ പാടുള്ളു.

* വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കുക.

* കുട്ടികള്‍ക്ക് കൈയെത്തുന്ന വിധം വൈദ്യുതോപകരണങ്ങള്‍, എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കാതിരിക്കുക.

* ലോഹത്തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക.

* ഇലക്ട്രിക്ക് ഉപകരണത്തിലോ സമീപത്തോ തീപിടുത്തമുണ്ടായാല്‍ വെള്ളം ഒഴിച്ച് തീ കെടുത്തരുത്.

* ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപിടുത്തമുണ്ടായാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുത ബന്ധം വിഛേദിക്കുക.

* വൈദ്യുത സ്‌കൂട്ടര്‍, കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനിയുടെ ചാര്‍ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ് ചെയ്യുക. അല്ലാത്ത പക്ഷം ബാറ്ററി തകരാറിലാവാനും തീ പിടിക്കാനും സാധ്യതയുണ്ട്.

* എല്ലാ മേഖലയിലും സുരക്ഷക്ക് പ്രാധാന്യം നല്‍കുക.