ഓപ്പറേഷന്‍ സര്‍വേ: താലൂക്ക് സര്‍വേ ഓഫീസുകളില്‍ പ്രത്യേക പരിശോധന നടത്തി

post

കണയന്നൂര്‍ താലൂക്ക് സര്‍വേ ഓഫീസില്‍ കളക്ടര്‍ നേരിട്ട് പരിശോധന നടത്തി

ജില്ലയിലെ താലൂക്ക് സര്‍വേ ഓഫീസുകളില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പരിശോധന നടത്തി. കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ കളക്ടര്‍ ജാഫര്‍ മാലിക് തന്നെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

സര്‍വേയുമായി ബന്ധപ്പെട്ട് പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 'ഓപ്പറേഷന്‍ സര്‍വെ' നടത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധനകളുടെ റിപ്പോര്‍ട്ട് താലൂക്കുകളില്‍ നിന്നു ലഭിച്ചുകഴിഞ്ഞാല്‍ പരാതികളില്‍ വസ്തുതകള്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഭൂരേഖാ നടപടികള്‍(ലാന്‍ഡ് റെക്കോഡ്സ് മെയിന്റന്‍സ്-എല്‍ആര്‍എം), ഭൂമി തരം മാറ്റം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഒരു സര്‍ക്കുലര്‍ ഇറക്കും. ഇതിന്റെ പുരോഗതി ഓരോ മാസവും എല്‍ആര്‍ തഹസില്‍ദാര്‍മാരും സീനിയര്‍ സുപ്രണ്ടുമാരും അറിയിക്കണം. എത്ര ഫയലുകള്‍ ബാക്കിയുണ്ട്, എത്ര ഫയല്‍ തീര്‍പ്പാക്കി തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

തീര്‍പ്പാക്കാത്ത ലാന്‍ഡ് റെക്കോഡ്സ് മെയിന്റന്‍സ് കേസുകള്‍, ലഭ്യമായ സര്‍വേയര്‍മാരും അവരുടെ ഡ്യൂട്ടി ചാര്‍ട്ടും, ചില അപേക്ഷകളിലുണ്ടാകുന്ന അമിതമായ കാലതാമസം, അപേക്ഷകളുടെ സീനിയോറിറ്റി ലംഘനം, കോടതി കേസുകള്‍, ബന്ധപ്പെട്ട ഹെഡ് സര്‍വേയര്‍മാരുടെ നിരീക്ഷണം, എല്‍ആര്‍ തഹസില്‍ദാര്‍മാരുടെ ഇടപെടല്‍, തീര്‍പ്പാക്കാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്.

കണയന്നൂര്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ക്കൊപ്പം സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ സുനിലും പരിശോധനയ്ക്ക് എത്തിയിരുന്നു.

കൊച്ചി താലൂക്കില്‍ സബ് കളക്ടര്‍ പി വിഷ്ണു രാജ്, കോതമംഗലം താലൂക്കില്‍ മൂവാറ്റുപുഴ ആര്‍ഡിഒ പി.എന്‍ അനി, കുന്നത്തുനാട് താലൂക്കില്‍ ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി അനില്‍കുമാര്‍, ആലുവ താലൂക്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ കെ ഉഷാ ബിന്ദുമോള്‍, പറവൂര്‍ താലൂക്കില്‍ എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനിലാല്‍, മൂവാറ്റുപുഴ താലൂക്കില്‍ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസ്സി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.