ജല്‍ശക്തി അഭിയാന്‍: പുരോഗതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

post

തിരുവനന്തപുരം: ജല്‍ശക്തി അഭിയാന്‍ ക്യാച്ച് ദ റെയിന്‍ 2022 ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘമെത്തി. ഇന്നലെ (ജൂണ്‍23)ന് കളക്ടറേറ്റിലെത്തിയ സംഘം, ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടില്‍ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രതിനിധികളും പി.ആര്‍.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ പങ്കുവച്ചു.

സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂര്‍ ഗുപ്ത, സി.ഡബ്ല്യൂ.പി.ആര്‍.എസ് ടെക്‌നിക്കല്‍ ഓഫീസര്‍ രാജ് കുമാര്‍ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. ഇന്നും നാളെയും സംഘം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വികസന കമ്മിഷണര്‍ ഡോ.വിനയ് ഗോയല്‍, എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എഞ്ചിനീയര്‍ ദിനേഷ് പപ്പന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ജല്‍ശക്തി അഭിയാന്‍ നോഡല്‍ ഓഫീസര്‍ ശ്രീജേഷ് എന്നിവരും പങ്കെടുത്തു.