സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലൊരുക്കി 'സ്‌നേഹിത'

post

കണ്ണൂർ: ആശ്രയമില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലൊരുക്കി കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക താമസ കേന്ദ്രമായാണ് സ്‌നേഹിത പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഒറ്റപ്പെടേണ്ടിവന്നവര്‍, സംശയാസ്പദമായി ഒറ്റപ്പെട്ട സാഹചര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും തുടങ്ങിയവര്‍ക്കാണ് സ്‌നേഹിത തണലൊരുക്കുന്നത്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിലാണ് സ്‌നേഹിതയുടെ ജില്ലാ ഓഫീസ്. സ്‌നേഹിതയുടെ സബ് സെന്ററുകളായി ജില്ലയില്‍ 38 ജെന്‍ഡര്‍ റിസോസ് സെന്ററുകളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രി ഒറ്റപ്പെട്ട് പോകുന്ന യത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയൊരു ആശ്രയകേന്ദ്രമാണ് സ്‌നേഹിത. കുടുംബശ്രീക്കാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനച്ചുമതല. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2017 സെപ്റ്റംബര്‍ രണ്ടിനാണ് സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിച്ചത്. 1773 കേസുകള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌നേഹിത ഹെല്‍പ് ഡെസ്‌കുകളില്‍ നേരിട്ടും ഫോണ്‍ വഴിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ സഹായവും സ്‌നേഹിത ലഭ്യമാക്കും.

കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ്, വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, ടെലി കൗണ്‍സിലിംഗ്, നിയമ പിന്തുണ സഹായം, പുനരധിവാസ സഹായം തുടങ്ങിയവയും കൗമാരപ്രായക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണവും സ്‌നേഹിതയിലൂടെ ലഭ്യമാക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍, ശില്‍പശാലകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ സുരക്ഷിത താമസവും അടിസ്ഥാന സൗകര്യങ്ങളുമാണ് സ്‌നേഹിത സജ്ജമാക്കുന്നത്. അഭയകേന്ദ്രത്തില്‍ താമസിച്ച് തിരിച്ചു പോയാലും ഇവര്‍ക്കാവശ്യമായ സഹായം നല്‍കുകയും വരുമാനദായിക പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

രണ്ട് കൗണ്‍സിലര്‍മാരും അഞ്ച് സേവന ദാതാക്കളും, രണ്ട് സെക്യൂരിറ്റി ജീവനക്കാരും കെയര്‍ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരും 13 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും സ്‌നേഹിതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം, പോലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും മറ്റു സര്‍ക്കാര്‍, സര്‍ക്കാരിതര വകുപ്പുകള്‍, എജന്‍സികള്‍ എന്നിവയുമായി സഹകരിച്ചാണ് ആവശ്യക്കാര്‍ക്ക് സ്‌നേഹിത പിന്തുണ നല്‍കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറ് മണി വരെ വക്കീലിന്റെ സഹായത്തോടെ ലീഗല്‍ ക്ലീനിക് നല്‍കും. കുട്ടികള്‍ക്കിടയില്‍ ജന്‍ഡര്‍ അവബോധം സൃഷ്ടിക്കാന്‍ സ്‌നേഹിത '@സ്‌കൂള്‍' പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ജില്ലയില്‍ ആറ് ബ്ലോക്കുകളില്‍ നിന്നായി ഓരോ സ്‌കൂളുകള്‍ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

ജയില്‍ അന്തേവാസികള്‍ക്കായി 'നേര്‍വഴി' പദ്ധതിയും സ്‌നേഹിതയിലൂടെ നടപ്പിലാക്കുന്നുണ്ട്. ലിംഗ തുല്യതയ്ക്കായി കോളേജുകളില്‍ ജെന്‍ഡര്‍ ക്ലബ്ബുകളും രൂപികരിച്ചിട്ടുണ്ട്.അയല്‍ക്കൂട്ടത്തിലെ പ്രശ്‌ന പരിഹാര സംവിധാനമായും സ്‌നേഹിത പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ കോര്‍ണറുകള്‍, ബ്ലോക്ക് തലത്തില്‍ കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്റര്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിങ്ങനെയാണ് സംവിധാനം. ഒറ്റപ്പെട്ടുപോവുന്നവര്‍ക്ക് 0467-2201205, ടോള്‍ ഫ്രീ നമ്പറായ 1800 4250716 ബന്ധപ്പെടാം.