ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവോടെ ഭാഗ്യക്കുറി വകുപ്പ്

post

പത്തനംതിട്ട: ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മുന്നേറുന്നു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ ബോണസ് ഇനത്തില്‍ 81,63,000 രൂപയും പെന്‍ഷന്‍ ഇനത്തില്‍ 21,64,800 രൂപയും ഫാമിലി പെന്‍ഷന്‍ ഇനത്തില്‍ 78,400 രൂപയും ജില്ലയില്‍ വിതരണം ചെയ്തതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി അറിയിച്ചു.

ഉന്നത വിദ്യാഭ്യാസം നടത്തുന്ന ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 10 കുട്ടികള്‍ക്കായി 10,0000 രൂപ നല്‍കി. എസ്എസ്എല്‍സി/ എച്ച്എസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ ഒന്‍പതു കുട്ടികള്‍ക്കായി 25,000 രൂപ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. 10 ക്ഷേമനിധി അംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് 2,50,000 രൂപ വിവാഹ ധനസഹായം നല്‍കി. മരണാനന്തര ധനസഹായമായി ഒന്‍പതു കുടുംബങ്ങള്‍ക്ക് 4,47,200 രൂപ നല്‍കി. ചികിത്സാ ധനസഹായമായി അഞ്ചു പേര്‍ക്ക് 1,23,862 രൂപ നല്‍കി. പ്രസാവാനുകൂല്യമായി രണ്ടു പേര്‍ക്ക് 20,000 രൂപ നല്‍കി. പുതുതായി 113 പേര്‍ക്ക് അംഗത്വം നല്‍കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 237,81,83,338 രൂപയുടെ വിറ്റുവരവ് ലഭിച്ചു. സമ്മാന വിതരണം, ഏജന്റ് കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 143,96,22,258 രൂപ വിതരണം ചെയ്തു. കേരളത്തില്‍ നികുതിയിതര വരുമാനത്തില്‍ പ്രഥമ സ്ഥാനമാണ് ഭാഗ്യക്കുറി വകുപ്പിനുള്ളത്. ഭാഗ്യക്കുറി വകുപ്പിന്റെ കീഴില്‍ ഒരു ജില്ലാ ഓഫീസും ഒരു സബ് ഓഫീസുമാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജില്ലാ ഭാഗ്യക്കുറി ഓഫീസ് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ ഫിനാന്‍ഷ്യല്‍ കോംപ്ലക്സിലും ഭാഗ്യക്കുറി സബ് ഓഫീസ് അടൂര്‍ റവന്യൂ ടവറിലും സ്ഥിതി ചെയ്യുന്നു. ജില്ലയില്‍ 3948 രജിസ്ട്രേഡ് ഏജന്റുമാരും 10000ല്‍ അധികം വില്പനക്കാരും ഉപജീവനമാര്‍ഗമായി സംസ്ഥാന ഭാഗ്യക്കുറിയെ ആശ്രയിച്ച് കഴിയുന്നു.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വ്യാജപ്പതിപ്പുകള്‍ തടയുന്നതിനായി എല്ലാ ടിക്കറ്റുകളിലും ക്യുആര്‍ കോഡും, മറ്റ് സുരക്ഷാ സംവിധാനങ്ങളും എര്‍പ്പെടുത്തി. വ്യാജലോട്ടറി സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി എഡിഎമ്മിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു വരുന്നു. കോവിഡ്-19 മഹാമാരിയോടനുബന്ധിച്ച് നിര്‍ത്തലാക്കിയിരുന്ന ഭാഗ്യക്കുറി ടിക്കറ്റുകളുടെ നറുക്കെടുപ്പുകള്‍ പുനരാരംഭിച്ചതോടെ ജില്ലയിലെ ടിക്കറ്റ് വില്പന പഴയ രീതിയിലേക്ക് തിരികെ വന്നു. നിലവില്‍ ആഴ്ചയില്‍ ഏഴു ദിവസവും നറുക്കെടുപ്പുകള്‍ നടക്കുന്നുണ്ട്.