സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത് സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം

post

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും ആദരിച്ചുകൊണ്ടാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിപുലവും ദീര്‍ഘവുമായ മഹാപ്രസ്ഥാനമാണ് സ്വാതന്ത്യ സമരം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഏകമുഖമല്ല. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്. കച്ചവടത്തിനു വന്നവര്‍ അധികാരം കൈയ്യടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചത് കേരള ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.

വൈദേശിക ശക്തികള്‍ക്കെതിരെ പടനയിച്ച ദേശാഭിമാനികളുടെ ആശയങ്ങളും ആദര്‍ശങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്. 1809ലെ വേലുത്തമ്പിദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മണ്ണടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ഷീജ, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ സി.പി. സുധീഷ്, അഡ്വ.എസ്.മനോജ് മണ്ണടി, കെ.എസ്.അരുണ്‍ മണ്ണടി, മണ്ണടി പരമേശ്വരന്‍, ബിജു മുസ്തഫ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.