തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അധികാരവികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കി: മന്ത്രി വി.എന്‍. വാസവന്‍

post

മികവാര്‍ന്ന പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ആദരവ്


കോട്ടയം: അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കാന്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞെന്ന് സഹകരണ -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മികവ് കൈവരിച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'സമന്വയം 2022' പരിപാടി' തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയോജനവും ഏകോപനവും പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ഊര്‍ജ്വസ്വലത കൈവരിക്കുന്നതിനു സഹായകമായി. തദ്ദേശസ്ഥാപനങ്ങള്‍ അതത് പ്രദേശത്തെ പ്രാദേശിക സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നത് പദ്ധതി നിര്‍വഹണത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്നു. അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കി വിഭവ സമാഹരണത്തില്‍ അധികാരത്തിനൊത്ത് വിഹിതവും നല്‍കി സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുക എന്ന ആശയമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.


യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കാനുതകുന്ന നൈപുണ്യ സ്ഥാപനങ്ങള്‍ തദ്ദേശതലത്തില്‍ വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിത്തുക 100 ശതമാനം ചെലവഴിച്ച വൈക്കം നഗരസഭ, ഉഴവൂര്‍, മാടപ്പള്ളി, ളാലം, വാഴൂര്‍, പാമ്പാടി, ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും 22 ഗ്രാമപഞ്ചായത്തുകളെയും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനതെത്തിയ ജില്ലാ പഞ്ചായത്തിനെയും ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി ആദരിച്ചു.

ജില്ലയില്‍ വസ്തു നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച എട്ടു പഞ്ചായത്തുകള്‍, മേല്‍നോട്ടം വഹിച്ച വാര്‍ഡംഗം, വാര്‍ഡ് ക്ലര്‍ക്ക്, നിര്‍വഹണ ഉദ്യോഗസ്ഥര്‍,സംസ്ഥാന-ജില്ലാ തലത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരെയും ആദരിച്ചു.


കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചതിന് ദാരിദ്യ ലഘൂകരണം വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയ്ക്ക് പുരസ്‌കാരം നല്‍കി.


ശുചിത്വ മാലിന്യപരിപാലനത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം മാടപ്പള്ളി പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്തംഗങ്ങള്‍ക്കായി കില- ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിമ്മി ജെയിംസിനെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. സുനില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ കെ. മേനോന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അശോകന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ അനില്‍ കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എന്‍. പ്രിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.ഡി. ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ആര്‍. സരളകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എ. സഫീന, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. ശാരദ, വനിത-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ജെബിന്‍ ലോലിത സെയിന്‍, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസര്‍ വി.എ. ഷംനാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എസ്. സുനില്‍, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ സി. വിനോദ്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മേരി ജോവി, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, എ.ഡി.സി. ജനറല്‍ ജി. അനിസ് എന്നിവര്‍ പങ്കെടുത്തു.

എകീകൃത തദ്ദേശ സര്‍വീസ് സാധ്യതകളും സമീപനവും എന്ന വിഷയത്തില്‍ കോട്ടയം എ.ഡി.പി. പി. രാജേഷ്‌കുമാര്‍ വിഷയാവതരണം നടത്തി.