മേരിയമ്മക്ക് 90-ാം വയസ്സിലൊരു 'ലൈഫ്'; ഇത് ആയുസിലെ സ്വപ്ന സൗധം

post

ഇടുക്കി: അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കാന്‍ തന്റെ ആയുസില്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ പുല്ലുമല കുരിശിങ്കല്‍ മേരി അഗസ്തി എന്ന മേരിയമ്മ പറയുന്നു. 90 വയസിനിടെ താന്‍ അനുഭവിച്ച ജീവിത ദുരിതങ്ങളാണ് ഇങ്ങനൊരു പ്രതീക്ഷയെപോലും മേരിയമ്മയില്‍ നിന്നന്യമാക്കിയത്. എന്നാലിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച വീട് മേരിയമ്മയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

വളരെ ചെറുപ്പം മുതല്‍ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു മേരിയമ്മയുടെ ജീവിതം. അഞ്ചാം ക്ലാസ് വരെ കരിമണ്ണൂര്‍ ഗവ. സ്‌കൂളില്‍ പഠിച്ചു. വീട്ടിലെ സാമ്പത്തിക പരാധീനത മൂലം പിന്നീട് പഠിക്കാനായില്ല. തുടര്‍ന്ന് സമീപ വീടുകളിലും മറ്റും കൂലിവേല ചെയ്ത് വീട്ടുകാരെ സഹായിച്ചു. ഇതിനിടെ 16-ാം വയസില്‍ വിവാഹിതയായി. അഞ്ച് മക്കളാണ് മേരിയമ്മക്കുണ്ടായത്. ഇതില്‍ മൂത്തയാള്‍ക്ക് മാനസിക വൈകല്യമുണ്ട്. ഇതിനിടെ ഭര്‍ത്താവ് മേരിയമ്മയെയും മക്കളെയും ഉപേക്ഷിച്ച് പോയി. രോഗങ്ങള്‍ ബാധിച്ച് രണ്ട് മക്കള്‍ നാലും ഏഴും വയസുള്ളപ്പോള്‍ മരണപ്പെടുകയും ചെയ്തു. ഏതാനും നാള്‍ക്കുള്ളില്‍ തറവാട്ട് വീട്ടില്‍ നിന്നും പുറത്താകുകയും ചെയ്തു.

പിന്നീട് മക്കളെയുംകൊണ്ട് കടത്തിണ്ണകളിലും ആശുപത്രി വരാന്തയിലുമൊക്കെയാണ് കഴിഞ്ഞതെന്ന് മേരിയമ്മ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കരിമണ്ണൂര്‍ ടൗണിന് സമീപം റോഡ് പുറമ്പോക്കില്‍ ഒരു ഷെഡ് കെട്ടി താമസമാരംഭിച്ചു. കൂലിപ്പണി ചെയ്താണ് പിന്നീട് മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തത്. ഇതിനിടെ മേരിയമ്മയുടെ ദുരിതമറിഞ്ഞ് സമീപത്തെ മഠത്തിലും പള്ളിവക സ്‌കൂളിലും പലപ്പോഴും തൂപ്പ് ജോലി നല്‍കി. മറ്റ് ദിവസങ്ങളില്‍ അയല്‍ പ്രദേശങ്ങളില്‍ കൃഷിപ്പണിക്കും പാടത്ത് നെല്ല് കൊയ്യുന്നതിനുമുള്‍പ്പെടെ പോയിരുന്നു.

ഈ സമയങ്ങളിലൊക്കെയും മകളെയും മാനസിക വൈകല്യമുള്ള മകനെയും റോഡരികിലെ ഷെഡില്‍ താമസിപ്പിക്കുന്നതിന്റെ സുരക്ഷിതത്വമില്ലായ്മ മേരിയമ്മയെ അലട്ടിയിരുന്നു. സാഹചര്യം മനസിലാക്കിയ നാട്ടുകാരുടെ സഹായത്തോടെ മേരിയമ്മ കൂലിവേല ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് പന്നൂര്‍ പുല്ലുമലയില്‍ 23 സെന്റ് സ്ഥലം വാങ്ങി. 1975 ല്‍ ഇവിടെ പണിത ഓല വീട്ടിലായിരുന്നു പിന്നീടുള്ള താമസം. മഴക്കാലത്തും മറ്റും ഭിത്തിയിടിഞ്ഞ് വീണും കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയുമൊക്കെ ദുരിതക്കയത്തിലായിരുന്നു ഇവിടുത്തെ താമസം. ഇതിനിടെ മകളെ വയനാട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ടുപോയി. മറ്റൊരു മകന്‍ 23 സെന്റില്‍ പാതി വിറ്റ് പണവുമായി സ്ഥലം വിട്ടു. ഇതോടെ ഓലക്കുടിലില്‍ മേരിയമ്മയും മാനസിക വൈകല്യമുള്ള മകനും മാത്രമായി. അടുത്ത കാലം വരെ അയല്‍ വീടുകളില്‍ പാത്രം കഴുകിയും മറ്റും മേരിയമ്മക്ക് കിട്ടുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞത്. കാലപ്പഴക്കം മൂലം ഓല വീടിന്റെ അടിത്തറ പോലും ഇടിഞ്ഞ് താഴുന്ന അവസ്ഥയിലെത്തി.

അടച്ചുറപ്പുള്ള വീട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള പണമോ സഹായമോ ഇവര്‍ക്ക് ഒരിടത്ത് നിന്നും ലഭിച്ചില്ല. ഇതിനിടെ മേരിയമ്മക്ക് കര്‍ഷക പെന്‍ഷന്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും കൂലിവേലക്ക് പോകാതെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി. ഇക്കാലയളവിലാണ് ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് അനുവദിക്കുന്നത്. പദ്ധതി പ്രകാരം ലഭിച്ച പണം ഉപയോഗിച്ച് നാട്ടുകാരുടെയും മറ്റും സഹായത്തോടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.

രണ്ട് മുറി, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ് പുതിയ വീട്ടിലുള്ളത്. ഇങ്ങനൊരു വീട് സ്വന്തമാക്കാനാവുമെന്ന് കരുതിയിരുന്നില്ലെന്ന് മേരിയമ്മ സന്തോഷത്തോടെ പറഞ്ഞു. കടത്തിണ്ണകളിലും ആശുപത്രി വരാന്തയിലും പുറമ്പോക്കിലും ഓലഷെഡിലും പതിറ്റാണ്ടുകള്‍ താമസിച്ച തനിക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിനെ ഒരു കൊട്ടാരമായേ കാണാനാവൂവെന്ന് മേരിയമ്മ പറഞ്ഞു. ഇതിന് സഹായിച്ച എല്ലാവരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് മേരിയമ്മ.