ജല്‍ജീവന്‍ മിഷന് 24.86 കോടി രൂപയുടെ പദ്ധതിയുമായി അങ്ങാടി പഞ്ചായത്ത്

post

അങ്ങാടി പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന് 24.86 കോടി രൂപയുടെ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് വിഭാഗം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനായി അങ്ങാടി- കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. രണ്ട് പഞ്ചായത്തുകളിലുമായി 75.37 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. അങ്ങാടിയില്‍ നിന്നും സംഭരിക്കുന്ന ജലം കൊറ്റനാട് പഞ്ചായത്തിലെ ശുദ്ധീകരണ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുക. അങ്ങാടി പഞ്ചായത്തില്‍ പുല്ലൂപ്രം, പറക്കുളം, മേനാംതോട്ടം, ഏഴോലി, മണ്ണാറത്തറ, കരിങ്കുറ്റിമല എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചാണ് വിതരണം നടത്തുക. രണ്ടു പഞ്ചായത്തുകളിലുമായി 237 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് 2316 പുതിയ കണക്ഷനുകള്‍ അങ്ങാടിയില്‍ നല്‍കും. അങ്ങാടി പഞ്ചായത്തിലെ എല്ലാ ഭാഗത്തും കുടിവെള്ളമെത്തിക്കാന്‍ സാധിക്കുമോ എന്ന അവസാനഘട്ട പരിശോധന നടത്തുന്നതിനായി ജനപ്രതിനിധികളും അധികൃതരും ഈ മാസം 15ന് സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. അങ്ങാടി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു വളയനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എം. മുഹമ്മദ് ഖാന്‍, വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്സി. എന്‍ജിനീയര്‍ സുനില്‍, അസി.എന്‍ജിനീയര്‍ ബാബുരാജ്, പ്രോജക്ട് ഡിവിഷന്‍ അസി. എക്സി. എന്‍ജിനീയര്‍ ബിന്ദു, അസി എന്‍ജിനീയര്‍ അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു