ലൈഫ് ഭവനം ; കുമളി ഗ്രാമപഞ്ചായത്തിൽ താക്കോൽ കൈമാറി

post


സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ താക്കോൽ കൈമാറ്റത്തിന്റെ കുമളി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ 13 -ാം വാർഡ് കൊല്ലംപട്ടട സ്വദേശിനി സരോജിനി പയ്യമ്പള്ളിലിനാണ് താക്കോൽ കൈമാറിയത്. ഉണ്ടായിരുന്ന വീടും സ്ഥലവും ഭർത്താവിന് അസുഖം ബാധിക്കുകയും കട ബാധ്യത മൂലവും വിൽക്കേണ്ടി വന്നതോടെ 13 വർഷത്തോളം വിധവയായ സരോജിനി മക്കളുമായി വാടക വീടുകളിലാണ് താമസം. സ്വന്തമായൊരു പാർപ്പിടമെന്ന സരോജിനിയുടെ സ്വപ്നത്തിനാണ് സർക്കാരിൻെറ ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂവണഞ്ഞിരിക്കുന്നത്.


വീട് നിർമ്മിക്കാൻ ഭൂമിയില്ലാത്തതിനാൽ ഭൂമി വാങ്ങി നൽകിയാണ് സരോജിനിക്ക് വീട് നിർമ്മിച്ചു നൽകിയിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി രാധാകൃഷ്ണൻ ജനുവരിയിൽ നിർവഹിച്ചിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ സരോജിനിയുടെയും കുടുംബത്തിൻെറയും പ്രയത്നത്തിൽ വീടിൻെറ നിർമ്മാണവും പൂർത്തീകരിച്ചു. സ്വന്തമായി ഒരു പാർപ്പിടം എന്ന സ്വപ്നത്തിന് ചിറക് നൽകിയ സർക്കാരിനും ഗ്രാമപഞ്ചായത്തിനും സരോജിനി നന്ദി പറഞ്ഞു.


ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിൽ കുമളി ഗ്രാമപഞ്ചായത്തിൽ 348 വീടുകളാണ് പൂർത്തീകരിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ 248 വീടുകളും എസ്.സി വിഭാഗത്തിൽ 90 വീടുകളും എസ്.ടി വിഭാഗത്തിൽ 10 വീടുകളുമാണ് പൂർത്തീകരിക്കേണ്ടത്. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ജനറൽ വിഭാഗത്തിൽ 90 പേർ സ്ഥലം വാങ്ങുകയും 60 പേർ എഗ്രിമെന്റ് വച്ച് വീട് പണി ആരംഭിക്കുകയും ചെയ്തു. ഇതിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ വീടിൻെറ താക്കോൽ ദാനമാണ് നടത്തിയത്. എസ്.സി വിഭാഗത്തിൽ 23 പേർ സ്ഥലം മേടിക്കുകയും 6 പേർ എഗ്രിമെന്റ് വച്ച് വീട് പണി ആരംഭിക്കുകയും ചെയ്തു.


കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുകുട്ടി അധ്യക്ഷത വഹിച്ചു