പരമ്പരാഗത പാതയിലെ സ്ഥിതി വിലയിരുത്താന്‍ കളക്ടറും സംഘവും ശബരിമല കാടുകയറി

post

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദുര്‍ഘടമായ പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ശബരിമല വനാന്തരത്തിലൂടെ സഞ്ചരിച്ചു. വന്യമൃഗങ്ങള്‍ നിറഞ്ഞ ഉള്‍വനത്തിലൂടെ കടന്നുപോകുന്ന പരമ്പരാഗത തീര്‍ഥാടന പാതയായ പമ്പചെറിയാനവട്ടം മുക്കുഴി വരെയുള്ള 16 കിലോമീറ്റര്‍ ഭാഗം കാല്‍നടയായി ആയിരുന്നു ജില്ലാ കളക്ടറുടെയും സംഘത്തിന്റെയും സന്ദര്‍ശനം. ശബരിമല തീര്‍ഥാടകരെ ഏറെ ആകര്‍ഷിക്കുന്ന പരമ്പരാഗത കാനന പാതകളില്‍ ഒന്നാണ് പമ്പചെറിയാനവട്ടം മുക്കുഴിഅഴുത പാത. ശബരിമല നടതുറക്കുന്നതോടെ എരുമേലിയില്‍ നിന്ന് പേട്ടതുള്ളിയെത്തുന്ന തീര്‍ഥാടകര്‍ അഴുത, കല്ലിടാംകുന്ന് മുക്കുഴി, വെള്ളാറഞ്ചെറ്റ, മഞ്ഞപ്പടിത്തട്ട്, വള്ളിത്തോട്, പുതുശേരി, കരിമല വഴി പത്തൊന്‍പത് കിലോമീറ്റര്‍ നടന്നാണ് പമ്പയില്‍ എത്തുന്നത്.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കാനനപാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പരമ്പരാഗത തീര്‍ഥാടന പാതയായ ചെറിയാനവട്ടം മുതല്‍ മുക്കുഴി വരെയുള്ള ഭാഗം കാല്‍നടയായി സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനനപാതയിലെ രാത്രിയാത്ര അപകടം നിറഞ്ഞതും, സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആനയുടെ ആക്രമണം, ഇഴജന്തുക്കളുടെ ശല്യം എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങള്‍, അവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, തീര്‍ഥാടകര്‍ക്കായി സ്ഥാപിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ ജില്ലാ കളക്ടറും സംഘവും പരിശോധിച്ചു.

കാനനപാതയിലൂടെ കടന്നു വരുന്ന തീര്‍ഥാടകരുടെ എണ്ണം രേഖപ്പെടുത്തും. തീര്‍ഥാടകര്‍ക്ക് വേണ്ട മറ്റു സൗകര്യങ്ങള്‍ ഒരുക്കും. വഴിയില്‍ മരണപ്പെടുന്ന തീര്‍ഥാടകരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഫ്രീസര്‍ ഉള്ള ആംബുലന്‍സ് സൗകര്യം, ആശുപത്രിയിലേക്ക് കൂടെ പോകുന്നവര്‍ക്ക് വഴിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന് അനുമതി എന്നിവയ്ക്കായി സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

നിലവില്‍ കാനനപാതയില്‍ നാല് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണുള്ളത്. മൂന്നെണ്ണം വനം വകുപ്പിന്റെ നേതൃത്വത്തിലും ഒരെണ്ണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഹൃദയാഘാതം, പാമ്പ് കൊത്തല്‍, ആനയുടെ ആക്രമണം, വന്യമൃഗങ്ങളുടെ ആക്രമണം, മറ്റ് അപകടങ്ങള്‍ ഉള്‍പ്പെടെ ഇരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കരിമല, മഞ്ഞപ്പടിത്തട്ട്, പുതുശേരി, കല്ലിടാംകുന്ന് എന്നിവിടങ്ങളിലാണ് ഈ പാതയിലെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. മണ്ഡലകാലം തുടങ്ങിയതിനു ശേഷം അവശ്യമെങ്കില്‍ എണ്ണം വര്‍ധിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ 60 ഹൃദയാഘാത കേസുകളില്‍ 18 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ആന ആക്രമണങ്ങളില്‍ ഒരു മരണവും, പാമ്പ് കൊത്തിയ ആറു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ 262 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ശബരിമല എഡിഎം എന്‍. എസ്. കെ. ഉമേഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ. ആര്‍. അനൂപ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് (വെസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടര്‍ സി. കെ. ഹാബി, റെയ്ഞ്ച് ഓഫീസര്‍ എന്‍. കെ. അജയ് ഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അനില്‍ ചക്രവര്‍ത്തി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.