എറണാകുളം മെഡിക്കല്‍ കോളേജിന് വികസനത്തിന്റെ ഒരു വര്‍ഷം

post


പൂര്‍ത്തീകരിച്ചത് 60 കോടി രൂപയുടെ പദ്ധതികള്‍; 157 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും


എറണാകുളം: ഒരു വര്‍ഷത്തിനുള്ളില്‍ 60 കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 157 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രധാന നേട്ടമായ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരണഘട്ടത്തിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നാല് പ്രധാന പദ്ധതികളും മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി. ആശുപത്രിയുടെ അത്യാഹിത വിഭാഗം 50 ലക്ഷം രൂപ മുടക്കി നവീകരിച്ചത് മെഡിക്കല്‍ കോളേജിന്റെ മുഖഛായ തന്നെ മാറ്റിയ വികസന നേട്ടമായിരുന്നു. 40 ലക്ഷം രൂപ ചെലവില്‍ 13 കിലോ ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് ഓക്സിജന്‍ പ്ലാന്റും സ്ഥാപിച്ചു. 1.35 കോടി രൂപയുടെ എസ്.ടി.പി പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു, 3 ലക്ഷം രൂപ ചെലവില്‍ അനിമല്‍ ഹൗസ് നവീകരിക്കുകയും എആര്‍ടി സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

നൂറ് ദിന കര്‍മ്മ പരിപാടിക്ക് പുറമെ മറ്റു വിവിധ വികസന നേട്ടങ്ങളും മെഡിക്കല്‍ കോളേജ് കൈവരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ 25 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ഇമേജിംഗ് സെന്ററില്‍ സ്തനാര്‍ബുദ രോഗം പ്രതിരോധിക്കുന്നതിനു മുതല്‍ക്കൂട്ടാകുന്ന 1.69 കോടി രൂപയുടെ ഡിജിറ്റല്‍ മാമോഗ്രഫി യന്ത്രം സ്ഥാപിച്ചു. ആധുനിക നിലവാരത്തില്‍ ടൈലുകള്‍ പാകിയും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ ശുചിമുറികള്‍ ക്രമീകരിച്ചും 20 പേ വാര്‍ഡ് മുറികള്‍ നവീകരിച്ചു. ആകെ 50 ലക്ഷം രൂപയാണ് ഈ പ്രവര്‍ത്തനത്തിനു ചെലവായത്.

ആശുപത്രി കാമ്പസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 52.80 ലക്ഷം രൂപ ചെലവില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രകാശ സംവിധാനം ഒരുക്കി. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപയുടെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കാരുണ്യ ഫാര്‍മസിയുടെ കെട്ടിടവും നവീകരിച്ചു.

ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.സി കഫറ്റേരിയ ആരംഭിക്കാനായി. നിലവിലുള്ള എം.ആര്‍.ഐ, ഡയാലിസിസ് സേവനങ്ങളുടെ സമയം 3 ഷിഫ്റ്റാക്കി ദീര്‍ഘിപ്പിക്കുകയും 2 ലാബ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് റൂട്ടുകള്‍ അനുവദിച്ചു. ബയോ മെഡിക്കല്‍ മാലിന്യം ശേഖരിക്കുന്ന ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞു, ചെലവ് 12.72 ലക്ഷം രൂപയാണ്. 2 ലിഫ്റ്റുകള്‍ 47.90 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ആധുനിക നിലവാരത്തിലേക്കു മാറ്റി.

10 ലക്ഷം ചതുരശ്ര അടിയില്‍ 285 കോടി രൂപ ചെലവ് വരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ മാതൃ-ശിശു ചികിത്സാ വിഭാഗവും ഉള്‍പെടും. ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ഇലക്‌ട്രോണിക്കായി സൂക്ഷിക്കാനുള്ള ഇ ഹെല്‍ത്ത് പദ്ധതിയുടെ നടപടികള്‍ നടന്നുവരുന്നു. 4 കോടി രൂപ ചെലവില്‍ ഓപ്പറേഷന്‍ തിയേറ്ററിനെയും  വിവിധ ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റാംപ് സംവിധാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. 10 ലക്ഷം രൂപ ചെലവില്‍ വാതക പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു.

ഭാവിയിലേക്കായി വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 23.75 കോടി രൂപ ചെലവില്‍ 50 കിടക്കകളോട് കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, 5 കോടി രൂപ ചെലവില്‍ ഐസൊലേഷന്‍ ബ്ലോക്ക്, 78.84 കോടി രൂപ ചെലവില്‍ സ്റ്റാഫ് കോട്ടേഴ്സ്, 29.56 കോടി രൂപ ചെലവില്‍ പി.ജി കോട്ടേഴ്സ്, 12.23 കോടി രൂപ ചെലവില്‍ കോമണ്‍ അമിനിറ്റീസ് സെന്റര്‍, 6.38 കോടി രൂപ ചെലവില്‍ ഇന്‍ഡോര്‍സ്റ്റേഡിയവും ജിമ്നേഷ്യവും, 20 ലക്ഷം രൂപ ചെലവില്‍ ഭക്ഷണ കേന്ദ്രം, 180 ലക്ഷം രൂപ ചെലവില്‍ വനിതാ ഹൗസ് സര്‍ജന്‍സ് ലേഡീസ് ഹോസ്റ്റല്‍, കേന്ദ്ര ഫണ്ടുപയോഗിച്ച് സി.ബി.ആര്‍.എന്‍ സെന്റര്‍ കെട്ടിടം തുടങ്ങിവയാണ് ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ കോവിഡ് പ്രിതിരോധ പ്രവര്‍ത്തനള്‍ക്ക് പ്രൊഫ. വൈരേലില്‍ കരുണാകര മേനോന്‍ പുരസ്‌കാരം 2022 ലഭിക്കുകയുണ്ടായി.