ലൈഫ് ഭവനം; ഭൂരഹിത ഭവന രഹിതര്‍ക്കുള്ള ഭവന സമുച്ചയ ശിലാസ്ഥാപനം നടത്തി

post

ഇടുക്കി : കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതര്‍ക്കായി ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം കരിമണ്ണൂര്‍ വേനപ്പാറ (കിളിയറ) യില്‍ വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വഹിച്ചു. ചെലവ് കുറഞ്ഞതും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെയുള്ള നിര്‍മാണ രീതിയാണ് വേനപ്പാറയില്‍ അവലംബിക്കുന്നതെന്ന് മന്ത്രി  പറഞ്ഞു. ഇത്തരത്തില്‍ ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ സാങ്കേതിക വിദ്യ മറ്റ് ജില്ലകളിലും ഭവന പദ്ധതികളില്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഭൂരഹിത ഭവന രഹിതര്‍ക്കായി കരിമണ്ണൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഭവന സമുച്ചയം നിര്‍മിക്കുന്നത്. പഞ്ചായത്തിലെ വേനപ്പാറയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ 44 വീടുകളാണുള്ളത്. പഞ്ചായത്തിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും ഫണ്ടുപയോഗിച്ചാണ് നിര്‍മാണം.  2.69 ഏക്കര്‍ ഭൂമിയാണ് പഞ്ചായത്ത് ഇവിടെ വാങ്ങിയത്. ആധുനിക പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭവന സമുച്ചയം ഗുണഭോക്താക്കള്‍ക്ക് നല്‍കും. പ്രകൃതി വിഭവങ്ങള്‍ വളരെക്കുറച്ച് മാത്രം ഉപയോഗിച്ചാണ് നിര്‍മാണം. രണ്ട് മുറികള്‍, ഹാള്‍, അടുക്കള, ശുചി മുറി എന്നിവ ഉള്‍പ്പെടുന്ന ഓരോ ഫ്‌ലാറ്റിനും 11 ലക്ഷത്തിലധികം രൂപാ ചെലവ് വരുമെന്ന് അധികൃതര്‍ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്ന രീതിയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടിനൊപ്പം ജീവനോപാധികളും കൂടി ഉറപ്പ് വരുത്തും.ഇതോടൊപ്പം ഒന്നരയേക്കര്‍ ഭൂമി ഭൂരഹിതരും ഭവന രഹിതരുമായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഫ്‌ലാറ്റ് സമുച്ചയത്തിലെ 44 കുടുംബങ്ങള്‍ കൂടാതെ കരിമണ്ണൂര്‍ പഞ്ചായത്തില്‍ 53 കുടുംബള്‍ക്ക് ഇതിനോടകം വീട് നല്‍കിക്കഴിഞ്ഞു. ഇതു കൂടാതെ ഹരിജന്‍ വിഭാഗത്തിലുള്ളവര്‍ക്കായി അനുവദിച്ച 13 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.