അടിമുടി മാറ്റം ലക്ഷ്യമിട്ട് ചെല്ലാനം: മത്സ്യഗ്രാമം പദ്ധതിയിൽ അടിസ്ഥാന വികസനവും

post


എറണാകുളം: വികസനത്തിന്റെ പുതിയ പാഠങ്ങൾ എഴുതി ചേർക്കാനൊരുങ്ങുകയാണ് ചെല്ലാനം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മത്സ്യഗ്രാമം പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹകരണത്തോടെ എല്ലാ വാർഡിലെയും ചെറുതും വലുതുമായ റോഡുകൾ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരിക്കാനുദ്ദേശിക്കുന്ന റോഡുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കുഫോസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രാമത്തിലൊട്ടാകെ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്തിനനുസൃതമായ വികസനം വിഭാവനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ ഓരോ വകുപ്പുകളും അവരുടേതായ പരിധിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്.

ചെല്ലാനം പ്രദേശത്തിന്റെ തീരശോഷണം നേരിടാനും കടലേറ്റം തടയാനുമുള്ള ടെട്രാ പോഡുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിനു പുറമെ കൃഷി, ആരോഗ്യം, ഗതാഗതം, ടൂറിസം തുടങ്ങി സമഗ്ര മേഖലകളിലും വികസനം എത്തിക്കുക എന്നതാണ് മത്സ്യഗ്രാമം പദ്ധതിയുടെ ലക്ഷ്യം.

ചെല്ലാനം പഞ്ചായത്തിൽ നവീകരിക്കുന്ന റോഡുകൾ :
ഒന്നാം വാർഡിലെ തോണിത്തോട് - കളത്ര റോഡും തോണിത്തോട് പാലവും, രണ്ടാം വാർഡിലെ കാട്ടിപ്പറമ്പ് ആയുർവേദ ആശുപത്രി മുൻവശമുള്ള റോഡ്, നാലാം വാർഡിലെ മൂർത്തിക്കൽ അമ്പലത്തിനു സമീപമുള്ള റോഡും നവീകരിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ 8,9 വാർഡുകളിലെ സെ​ന്റ് ആന്റണിസ്‌ ചാപ്പൽ റോഡ്, പത്താം വാർഡിലെ പുത്തൻതോട് ബീച്ചിന് സമീപമുള്ള റോഡ്, വാർഡ് 11 ലെ റീത്താലയം റോഡ്, 12 ആം വാർഡിലെ പഞ്ചായത്ത്‌ മുതൽ കാർത്യയനി ക്ഷേത്രം വരെയുള്ള റോഡ്, മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളിക്ക് സമീപമുള്ള റോഡ്, വാർഡ് 13 ൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡിന് സമീപമുള്ള റോഡ്, വാർഡ് 13 - 19 അതിർത്തിയിൽ കൂടി കടന്നു പോവുന്ന റോഡ്, വാർഡ് 14 ലെ മുതുകുപുറം റോഡ്, 15 ആം വാർഡിലെ സെന്റ് ജോർജ്ജ് പള്ളിക്ക് സമീപമുള്ള ലിങ്ക് റോഡും ഇതിനോട്‌ ചേർന്നുള്ള പാലവും, 16 ആം വാർഡിലൂടെ കടന്നുപോവുന്ന റോഡ്, 17 ആം വാർഡിലെ ലെജി തീയേറ്ററിന് സമീപത്തുകൂടിയുള്ള റോഡ്, വാർഡ് 18ലെ വാച്ചാക്കൽ പാലം മുതലുള്ള റോഡ്,  20ആം വാർഡിൽ പട്ടത്തിപറമ്പിനു സമീപത്തുകൂടിയുള്ള റോഡ്, 21 ആം വാർഡിൽ കണ്ടക്കടവ് ജംഗ്ഷൻ മുതൽ പുത്തൻതോട് സ്കൂൾ വരെയുള്ള റോഡ് എന്നിവ നവീകരിക്കും.

കൂടാതെ പോലീസ് സ്റ്റേഷന് സമീപത്തുള്ള റോഡും മാവിൻ ചുവട് പാലത്തിൽ നിന്ന് സൊസൈറ്റി പാലം വരെയുള്ള റോഡും നവീകരിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.