അങ്കണവാടിക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത് മുന്‍ അധ്യാപകന്‍

post

പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 12-ാം  വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച 110-ാം  നമ്പര്‍ അംഗന്‍വാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രതിസന്ധികളുമായി നീങ്ങിയ അങ്കണവാടിക്ക് സ്ഥിരമായ ഒരു കെട്ടിടമെന്നത് നാട്ടുകാരുടെ ആഗ്രഹമായിരുന്നു. കുരുന്നുകള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസിലാക്കിയ പറക്കോട് എന്‍.എസ്.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ജയചന്ദ്രവിലാസം  രാമചന്ദ്രനുണ്ണിത്താന്‍ (84) അങ്കണവാടിക്കായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും അതോടൊപ്പം ഇവിടേക്കുള്ള 12 അടി നടപ്പാതയും സൗജന്യമായി വിട്ടുനല്‍കി.
അങ്കണവാടി നില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരം രാമചന്ദ്രനുണ്ണിത്താന്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞിന് കൈമാറി. നിര്യാതയായ സഹധര്‍മിണിയുടെ സ്മരണാര്‍ത്ഥമാണ് ഭൂമി കൈമാറിയത്. വാടക കെട്ടിടത്തില്‍ കുരുന്നുകള്‍ ബുദ്ധിമുട്ടുന്നത് രാമചന്ദ്രനുണ്ണിത്താന്റെ ശ്രദ്ധയില്‍ വാര്‍ഡ് അംഗം ചിരണിക്കല്‍ ശ്രീകുമാര്‍ ബോധ്യപ്പെടുത്തുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സൗജന്യമായി ഭൂമി അങ്കണവാടി കെട്ടിടത്തിനായി അദേഹം നല്‍കിയത്. നേരത്തെ രാമചന്ദ്രനുണ്ണിത്താന്‍ റോഡിനും ആശുപത്രിക്കും സൗജന്യമായി ഭൂമി നല്‍കിയിട്ടുണ്ട്. ചിരണിക്കല്‍ 110ാം നമ്പര്‍ അങ്കണവാടിയില്‍ 15 കുരുന്നുകളാണ് നിലവില്‍ പഠിക്കുന്നത്. ജീവനക്കാരായി രണ്ടുപേരാണുള്ളത്.
അങ്കണവാടിക്ക് ഭൂമി ലഭിച്ചതോടെ കെട്ടിട നിര്‍മ്മാണത്തിന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 2019 2020 ഫണ്ടില്‍നിന്നും പതിന്നാലരലക്ഷം രൂപ അനുവദിക്കുകയും പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, വാര്‍ഡ് അംഗം ചിരണിക്കല്‍ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ജോഷ്വാ ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.