ജില്ലയിലെ രണ്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

post

 ഉദ്ഘാടനം മെയ് 7ന്

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ നവീകരിച്ച രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം അടുത്ത മാസം ഏഴിന് റവന്യൂ മന്ത്രി കെ.രാജന്‍  നിര്‍വ്വഹിക്കും. കീരംപാറ വില്ലജ് ഓഫീസും തിരുമാറാടി വില്ലേജ് ഓഫീസുമാണ് സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തി നാടിന് സമര്‍പ്പിക്കുന്നത്. കീരംപാറ വില്ലേജ് ഓഫീസ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തിയും തിരുമാറാടി വില്ലേജ് ഓഫീസ് പ്ലാന്‍ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് നവീകരിച്ചത്. ഓരോ വില്ലേജിനും 44 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്.

ജില്ലയില്‍ കീരംപാറയ്ക്ക് പുറമെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തിയ 22 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാവാന്‍ തയ്യാറെടുക്കുകയാണ്. ആലുവ താലൂക്കിലെ ആലുവ വെസ്റ്റ്, അയ്യമ്പുഴ,  മലയാറ്റൂര്‍, മറ്റൂര്‍, നെടുമ്പാശ്ശേരി വില്ലേജുകളും കണയന്നൂര്‍ താലൂക്കിലെ കടമക്കുടിയും കൊച്ചി താലൂക്കിലെ ചെല്ലാനം, കുമ്പളങ്ങി, മട്ടാഞ്ചേരി, നായരമ്പലം, പള്ളിപ്പുറം വില്ലേജുകളും കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളും, മൂവാറ്റുപുഴ താലൂക്കിലെ കൂത്താട്ടുകുളം, മാറാടി, പിറവം, രാമമംഗലം വില്ലേജുകളും പറവൂര്‍ താലൂക്കിലെ  ഏലൂര്‍, കരുമല്ലൂര്‍, കോട്ടുവള്ളി, മൂത്തകുന്നം വില്ലേജുകളുമാണ് നവീകരണം നടന്നുകൊണ്ടിരിക്കുന്നത്.

തിരുമാറാടിക്ക് പുറമെ കൊച്ചി താലൂക്കിലെ തോപ്പുംപടി വില്ലേജും, കോതമംഗലം താലൂക്കിലെ പോത്താനിക്കാട് വില്ലേജും, കുന്നത്തുനാട് താലൂക്കിലെ അറയ്ക്കപ്പടി, ചേലാമറ്റം, പെരുമ്പാവൂര്‍, കുന്നത്തുനാട് വില്ലേജുകളും, പറവൂര്‍ താലൂക്കിലെ ചേന്ദമംഗലം, കുന്നുകര, വടക്കേക്കര വില്ലേജുകളുമാണ് പ്ലാന്‍ ഫണ്ടിലുള്‍പ്പത്തി സ്മാര്‍ട്ടാകാന്‍ തയ്യാറെടുക്കുന്നത്.

സാധാരണ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് വില്ലേജ് ഓഫീസുകൾ. അതിനാൽ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നീ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തി, പൊതുജനങ്ങള്‍ക്ക് മികച്ച സേവനമുറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ വകുപ്പ്.