ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍: ജല വിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കും

post

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായും മറ്റു കുടിവെള്ള പദ്ധതികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്നജില്ലാആസൂത്രണസമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി ഈ മാസം പത്തിന് സര്‍ക്കാരിന് നല്‍കും.  ഒരു പദ്ധതിയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ ഒന്നിച്ചു ചേര്‍ത്ത് അവലോകന യോഗം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതി 42.6 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ 2,80,218 ഉപഭോക്താക്കളാണുള്ളത്. അവയില്‍ 1,19,449 ഉപഭോക്താക്കള്‍ക്ക് ഇതുവരെ കണക്ഷന്‍ കൊടുത്തിട്ടുണ്ട്. 1,60,769 പേര്‍ക്ക് ഇനി കണക്ഷന്‍ നല്‍കാനുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ സവിശേഷതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ടിന് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ്  ജല്‍ജീവന്‍ മിഷന്‍ പദ്ധതി. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതം ഗവണ്‍മെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാപ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ്ജില്ലാപ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്,ജില്ലയിലെതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.യു. മിനി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.