ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദമാക്കാന്‍ 'ബോധി'
 
                                                മൂന്നു വര്‍ഷത്തിനകം എറണാകുളത്തെ സംസ്ഥാനത്തെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കും: ജില്ലാ കളക്ടര്‍
എറണാകുളം: എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തില്‍ 'ബോധി' എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗവും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ന്യൂറോ സയന്‍സ് വിഭാഗത്തിലെ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് കം ആക്ഷന്‍ പ്രൊജക്റ്റ് പ്ലാറ്റ്‌ഫോം ആയ 'പ്രജ്ഞ'  പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
മൂന്നു വര്‍ഷം കൊണ്ട് ആറു ഘട്ടങ്ങള്‍ ആയിട്ടായിരിക്കും പദ്ധതി  നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിനായി 1.5 കോടി രൂപ സാമൂഹിക നീതിവകുപ്പ് വഴി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ട തുകയായ 50 ലക്ഷം രൂപ കൈമാറി കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചു സംസ്ഥാനതലത്തില്‍ ഡിമെന്‍ഷ്യ പോളിസി തയ്യാറാക്കി സമര്‍പ്പിക്കും.
കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ വിജയകരമായി നടപ്പിലാക്കിയ ഉദ്‌ബോധ് പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടായിരിക്കും ബോധി പദ്ധതി നടപ്പാക്കുന്നത്. ഉദ്‌ബോധ് പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തോടെ കൊച്ചി കോര്‍പറേഷന്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി പ്രഖ്യാപിച്ചിരുന്നു. എറണാകുളം ജില്ലാ ഭരണകൂടവും സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സും സംയുക്തമായാണ് ഈ പദ്ധതി  നടപ്പിലാക്കിയത്. കൊച്ചി നഗരസഭയുടെ പൂര്‍ണമായ സഹകരണം ഉദ്‌ബോധ് പദ്ധതിക്ക് ഉണ്ടായിരുന്നു.
ജനങ്ങളില്‍ ഡിമെന്‍ഷ്യ അവബോധം സൃഷ്ടിക്കുക, ഗതാഗത സംവിധാനങ്ങളും ആരോഗ്യ സംവിധാനങ്ങളും സേവന സംവിധാനങ്ങളും ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്നീ കാര്യങ്ങളാണ് ബോധി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഡിമെന്‍ഷ്യ ബാധിതരുള്ള കുടുംബങ്ങളിലുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേക ട്രെയിനിംഗുകള്‍ സംഘടിപ്പിക്കും. അതുകൂടാതെ ജനങ്ങളില്‍ ഡിമെന്‍ഷ്യ അവബോധം സൃഷ്ടിക്കുന്നതിനും രോഗം ബാധിക്കുന്നതിനു മുന്‍പായി കണ്ടെത്തുന്നതിനും മെമ്മറി കഫെകളും മെമ്മറി ക്ലിനിക്കുകളും ആരംഭിക്കും. ജില്ലയിലെ എല്ലാതദ്ദേശ സ്ഥാപനങ്ങളിലും ഡിമെന്‍ഷ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ ഡിമെന്‍ഷ്യ പോളിസി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഡിമെന്‍ഷ്യ പരിചരണത്തില്‍ പ്രാവീണ്യം നേടിയ ആളുകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കും.
ലോകാരോഗ്യ സംഘടനയുടെ പ്രായ സൗഹൃദ സമൂഹമെന്ന ലക്ഷ്യത്തിലൂന്നിയാണ് ബോധി പദ്ധതി ആരംഭിക്കുന്നത്. ഡിമെന്‍ഷ്യ രോഗികളെ പരിചരിക്കുന്നതിനായി പകല്‍ വീടുകളോട് അനുബന്ധിച്ചു പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ക്ക് ഡിമെന്‍ഷ്യ രോഗികളെ പരിചരിക്കുന്നതിനുള്ള പരിശീലനം നല്‍കിയ ശേഷം ഈ കേന്ദ്രങ്ങളില്‍ നിയമിക്കും.
സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ ഡിമെന്‍ഷ്യ ബാധിതര്‍ അവനുള്ള സാധ്യത ഉണ്ടെന്നാണ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍.എസ്.എസിന്റെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 60 വയസിനു മുകളിലുള്ളവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ആദ്യ ലക്ഷണങ്ങള്‍ 20-30 വയസിനിടയില്‍ പ്രത്യക്ഷപ്പെടും. ഈ സമയത്തു കണ്ടെത്തിയാല്‍ രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗം ഡിമെന്‍ഷ്യ രോഗികളുടെ ക്ഷേമത്തിനായി ആരംഭിച്ച മൊബൈല്‍ ആപ്പും കൂടുതല്‍ പ്രവര്‍ത്തനക്ഷേമമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബോധി പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ.എന്‍ മധുസൂദനന്‍, ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ. ബേബി ചക്രപാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
എന്താണ് ബോധി?
ബോധി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് പരിജ്ഞാനമുള്ള(enlightenment )എന്നത് ആണ്. സമൂഹം പരിപൂര്‍ണമായ ജ്ഞാനം ഒരു വിഷയത്തില്‍ ഉള്‍ക്കൊളളുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍ സമൂഹത്തിനുള്ളില്‍ നിന്നും തന്നെ പരിഹാര മാര്‍ഗങ്ങളും ഉണ്ടാകുന്നു എന്നതാണ്. ആ സമയം അവര്‍ക്ക്  ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കി കൊടുത്താല്‍ ആ സമൂഹം ഒരു സൗഹൃദ സമൂഹമായി മാറാം.
അതുകൊണ്ടു തന്നെ ജില്ലയിലെ എല്ലാതലത്തിലും, കോര്‍പറേഷന്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കൂടാതെ, സ്‌കൂള്‍, കോളജ്,  റസിഡന്‍സ് അസോസിയേഷന്‍സ്, സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍സ് എന്നിങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍  സംഘടിപ്പിക്കും.  അതോടൊപ്പം ഒരു നഗരത്തില്‍ ഡിമെന്‍ഷ്യ ബാധിതര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും 'മെമ്മറി ക്ലിനിക്, മെമ്മറി കഫേ, ഡിമെന്‍ഷ്യ സൗഹൃദ സൈക്കോളജിട്‌സ്,  ഡിമെന്‍ഷ്യ ഹോം,  ഡിമെന്‍ഷ്യ ഹെല്പ് ലൈന്‍, ഡിമെന്‍ഷ്യ സേവന മൊബൈല്‍ അപ്ലിക്കേഷന്‍' തുടങ്ങിയവയും നടപ്പിലാക്കും.
ബോധി  'ഡിമെന്‍ഷ്യ സൗഹൃദ സമൂഹങ്ങളുടെ നിര്‍മിതി'
ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം ഇന്നത്തെ സമൂഹത്തില്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ട ഒരു രോഗാവസ്ഥയായിക്കൊണ്ടിരിക്കുന്നു
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 4.1 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഡിമെന്‍ഷ്യ ബാധിതര്‍ ആണ്. എന്നാല്‍, ഇതിനു വ്യക്തമായ സ്ഥിതീകരണം ഇല്ല. നമ്മുടെ രാജ്യത്തിന് ഒരു പ്രത്യേകമായ ഡിമെന്‍ഷ്യ നയം ഇല്ലാത്തതാണ് ഇതിനുള്ള  പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. 2011 ലെ  സെന്‍സസ്പ്രകാരം 42  ലക്ഷം പേര്‍  60 വയസിനുമേല്‍ പ്രായമുള്ളവര്‍ ആണ്. അതില്‍തന്നെ, 13 ശതമാനം ആളുകള്‍ 80 വയസിനു മേലെ പ്രായമുള്ളവരാണ്. വയോജന ആശ്രിതതത്വ അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ കൂടുതല്‍ ആണ്. 2015 ലെ ഡിസബിലിറ്റി സെന്‍സസ് പ്രകാരം ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം കേരളത്തില്‍ 35041 ആണ്. എന്നാല്‍ നിലവിലെ ഡിമെന്‍ഷ്യ റിസ്‌ക്ക് ഫാക്ടര്‍  അനുസരിച്ചു നോക്കിയാല്‍ ഈ കണക്കില്‍ എത്രമാത്രം കൃത്യത ഉണ്ടെന്ന് ഇനിയും തീര്‍ച്ചപ്പെടുത്തേണ്ടി ഇരിക്കുന്നു.
ഡിമെന്‍ഷ്യ  കൂടുതല്‍  കാണപ്പെടുന്നത് 60 വയസിനു മുകളിലേക്കാണ്. ഡിമെന്‍ഷ്യ എന്ന അവസ്ഥക്ക്  ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. ഒരു പ്രത്യേകമായ ഡിമെന്‍ഷ്യ നയം ഇല്ലാത്തതും, ഇത്തരം അവസ്ഥയിലുള്ളവരെ പരിപാലിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ഇവരെക്കുറിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന  അജ്ഞതയും  മനസിലാക്കിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മസ്തിഷ്‌ക ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ്, ഉദ്‌ബോധ് എന്ന പദ്ധതി കൊച്ചി കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കിയത്. ഉദ്‌ബോധിന്റെ രണ്ടാംഘട്ടമായി ജില്ലാതലത്തിലാണ് ബോധി എന്ന പദ്ധതി നടപ്പിലാക്കുന്നത്.
എന്താണ് ഡിമെന്‍ഷ്യ സൗഹൃദ സമൂഹം
ഡിമെന്‍ഷ്യ ബാധിതരായ ആളുകളെ സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാതെ അവരുടെ എല്ലാ അവകാശങ്ങളും നല്‍കി അവരെയും സമൂഹത്തിന്റെ അവശ്യ ഭാഗമാക്കി ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുക എന്നതാണ് ഒരു ഡിമെന്‍ഷ്യ സൗഹൃദ സമൂഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തിനു ഡിമെന്‍ഷ്യയെക്കുറിച്ച് ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും അതുവഴി അവരെ ബോധവത്ക്കരിക്കുകയും ചെയ്യും. മറവിബാധിതര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകളും സേവനങ്ങളും നല്‍കുകയും പിന്തുണ നല്‍കുകയും, സമൂഹത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്‌കാരമോ ഇടമോ ആണ് ഒരു  ഡിമെന്‍ഷ്യ സൗഹൃദ സമൂഹം  വഴി ഉദ്ദേശിക്കുന്നത്. 'ഡിമെന്‍ഷ്യ സൗഹൃദ സമൂഹം' എന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത് ചികിത്സാപരവും സ്ഥാപന-സംബന്ധവുമായ പരിപാലനത്തെ കൂടാതെ മുഖ്യമായും താഴെ പറയുന്ന ഘടകങ്ങളേയാണ് ആശ്രയിക്കുന്നത്
1.    ദൂഷണങ്ങള്‍(stigma) കുറക്കുക.
2.    ഡിമെന്‍ഷ്യയെ പറ്റിയുള്ള ധാരണകള്‍ വിപുലീകരിക്കുന്നതോടൊപ്പം ഡിമെന്‍ഷ്യ എന്നത് ഒരു രോഗമല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും മറവി ബാധിച്ചവരെ ശാക്തീകരിക്കുകയും ചെയ്യുക.
3.    അതുപോലെ തന്നെ, അവര്‍ക്ക് ആവശ്യമായ സേവനകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നതും ഡിമെന്‍ഷ്യ സൗഹൃദനഗരം എന്ന ആശയത്തിന്റെ അവശ്യഘടകങ്ങള്‍ ആണ്.
എന്താണ് 'പ്രജ്ഞ'
സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ മാനവരാശിയോടുള്ള സാമൂഹിക പ്രതിബദ്ധതയാണ് 'പ്രജ്ഞ'എന്ന ഉദ്യമം വഴി പ്രതിഫലിക്കുന്നത്. പ്രജ്ഞ എന്ന വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കാഴ്ച അഥവാ വിവേചനരഹിതമായ അറിവ് എന്നതാണ്. ശബ്ദാര്‍ത്ഥ പ്രകാരം 'പ്ര', എന്നത് 'പരമോന്നതമായ അഥവാ ഉന്നതമായ' എന്ന അര്‍ത്ഥവും 'ജ്ഞ' എന്നത് 'ജ്ഞാനം അഥവാ ഗ്രഹണശക്തി' എന്ന അര്‍ത്ഥവും ഉള്‍ക്കൊള്ളുന്നു.
ഈ ഉദ്യമത്തിന് പിന്നിലുള്ള അടിസ്ഥാനപരമായ തത്വശാസ്ത്രമെന്നത് സമൂഹത്തിന്റെ ഭാഗമായ എല്ലാവരിലും ഇതിന്റെ വെല്ലുവിളികളെയും മസ്തിഷ്‌കാരോഗ്യത്തിലുണ്ടാകുന്ന മാറുന്ന പ്രവണതകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്കുകയെന്നതും, അതുവഴി ആരോഗ്യകരമായ ജീവിതം നയിക്കേണ്ട അവശ്യകതയെ മുന്‍നിര്‍ത്തി അവരിലെ പ്രബുദ്ധതയെ ഉണര്‍ത്തലുമാണ്.  
''പ്രജ്ഞ''എന്ന ആശയം സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംരംഭം എന്നതിലുപരി, വിവിധങ്ങളായ വിജ്ഞാനശാഖകളുടെ വീക്ഷണ കോണിലൂടെ മസ്തിഷ്‌കത്തെ കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തുക എന്നതും, മാത്രമല്ല, പല മേഖലകളുടെയും (സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക, സോഷ്യല്‍പോളിസി) കൂട്ടായ പ്രവര്‍ത്തനംവഴി, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുരോഗതി പ്രാപിച്ചതുമാണ്.










