സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും

post

കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകള്‍ സുതാര്യതയോടെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. തെറ്റായ പ്രവണത വകുപ്പില്‍ ഒരുകാരണവശാലും അനുവദിക്കുകയില്ല. കാരണം ജനങ്ങള്‍ കാവല്‍ക്കാരാണ് കാഴ്ചക്കാര്‍ അല്ല- ഇതാണ് സര്‍ക്കാരിന്റെ നയം. റോഡുകളുടെ വികസനത്തിനൊപ്പം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ആവശ്യമായിടത്ത് വികസന പദ്ധതികളും വകുപ്പ് തയാറാക്കും. റോഡിന്റെ പരിപാലനത്തിനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനെല്ലാം ജനങ്ങളുടെ പിന്തുണ വളരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പുരോഗതിയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ ആവശ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോലിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് രാഷ്ട്രീയകക്ഷി വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, ചെറുകോല്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ അന്നമ്മ ജോസഫ്, ജിജി ജോണ്‍, പൊതുമരാമത്ത്(നിരത്ത്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഹരിപ്രസാദ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കെ.എം. ഫിലിപ്പ്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. അജി കുമാര്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് പി.വി. തോമസ്, ജോസ് ബെന്‍ ജോര്‍ജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.