വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനം: 5.9 കോടി രൂപ അനുവദിച്ചു

കാസർകോട്: ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അനന്തപുരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കുളള അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനും ഉദുമ നിയോജക മണ്ഡലത്തിലെ ഡിപി ചട്ടഞ്ചാലില്‍ കോമ്പൗണ്ട് വാള്‍, ഗേറ്റ് ആന്റ് ഗേറ്റ് ഹൗസ് എന്നിവയുടെ നിര്‍മ്മാണത്തിനും കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 5.9 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. ജില്ലയിലെ വ്യവസായ വകുപ്പിന് കീഴിലുളള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന്റെയും അനന്തപുരം വ്യവസായ പാര്‍ക്കിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതി അനുവദിച്ചിട്ടുളളത്.
വ്യവസായികളെ ഇത്തരം പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം അത്യാന്താപേക്ഷിതമാണ് എന്ന ബോധ്യപ്പെട്ടതിനാലാണ് പദ്ധതി അനുവദിച്ചിട്ടുളളത്. കുമ്പള, ബദിയഡുക്ക റോഡില്‍ നായ്ക്കാപ്പ് ജംക്ഷനില്‍ തുടങ്ങി അനന്തപുരം എസ്റ്റേറ്റിനെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി 3 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. നിലവിലുള്ള റോഡിലെ ബിറ്റുമിന്‍ കഴിഞ്ഞ മഴക്കാലത്തോടുകൂടി ഒലിച്ചുപോയ അവസ്ഥയിലാണുളളത്. ബി.എം ആന്റ് ബി.സി പോലുളള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് റോഡ് നവീകരിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുളള ഈ പദ്ധതിയില്‍ അപ്രോച്ച് നിര്‍മ്മാണത്തോടൊപ്പം കള്‍വര്‍ട്ട്, ഡ്രൈന്‍, ഗേറ്റ് എന്നിവയുടെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിപി ചട്ടഞ്ചാലില്‍ കോമ്പൗണ്ട് വാള്‍, ഗേറ്റ് ആന്റ് ഗേറ്റ് ഹൗസ് എന്നിവയുടെ നിര്‍മ്മാണത്തിനായി 2.90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 9.93 ഹെക്‌ടേഴ്‌സ് വിസ്തീര്‍ണ്ണം വരുന്ന ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടിനു ചുറ്റും നിര്‍മ്മിക്കുന്ന കോമ്പൗണ്ട്‌വാള്‍ ന്റെ ബൗണ്ടറി ലെംഗ്ത് 2200 മീറ്റര്‍ ആണ്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുളള പദ്ധതിയില്‍ 1.8 മീ. ഉയരത്തില്‍ നിര്‍മ്മിക്കുന്ന കോമ്പൗണ്ട് വാള്‍നോടൊപ്പം ഗേറ്റ്, ഗേറ്റിന്റെ ഒരു വശത്തായി സെക്യൂരിറ്റി റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഭണാഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഐ എ എസ് അധ്യക്ഷയായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ അറിയിച്ചു.