കാസര്‍കോടിന് സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കും; മന്ത്രി പി.രാജീവ്

post

സ്വകാര്യ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തി വ്യവസായികള്‍ മുന്നിട്ടിറങ്ങിയാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്വകാര്യ  ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി  പി.രാജീവ് പറഞ്ഞു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഈ പദ്ധതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും പിന്നോക്ക ജില്ല എന്ന്  പറയുന്ന കാസര്‍കോട് ജില്ലയിലാണ് രാജ്യത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റുണ്ടാകുന്നതെന്നും അത് വലിയൊരു മാറ്റമാണെന്നും മന്ത്രി പറഞ്ഞു. ഓക്സിജന്‍ പ്ലാന്റുമായി സഹകരിച്ച് അത് യാഥാര്‍ത്ഥ്യമാകുന്നതുവരെ പ്രയത്നിച്ച ജനപ്രതിനിധികളെയും മറ്റ് ഏജന്‍സികളെയും പദ്ധതി നിര്‍വ്വഹണത്തിന് രണ്ടാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വീകരിച്ചു. വ്യവസായ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വീകരിച്ചു. കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍, ക്വാളിറ്റി ട്രേഡേഴ്സ് കാസര്‍കോട്, കെ.ഇ.എ കുവൈറ്റ്, ബിജു ട്രേഡേഴ്സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിര്‍മ്മിതി കേന്ദ്രം എന്നീ സ്ഥാപനങ്ങളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ഗീത കൃഷ്ണന്‍, കെ. ശകുന്തള, അഡ്വ.എസ്.എന്‍ സരിത, ഷിനോജ് ചാക്കോ, നഗരസഭ അധ്യക്ഷന്‍മാരായ  അഡ്വ.വി.എം മുനീര്‍, ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത്അസോസിയേഷന്‍ ജില്ല സെക്രട്ടറി എം.ലക്ഷ്മി, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി വത്സലന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി.ഉഷ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ അന്‍സാരി, വാര്‍ഡ് മെമ്പര്‍ ടി.പി നിസാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. തമ്പാന്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ.എ.എസ്, പഞ്ചായത്ത് സെപ്യൂട്ടി ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ഡി.എം.ഒ ഡോ.എ.വി രാംദാസ് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി സജീര്‍ ,കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി പി.വി രവീന്ദ്രന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി ശ്യാമപ്രസാദ്, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷന്‍ പ്രതിനിധി ഗുണേന്ദ്രലാല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു.