പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി

post

പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം  നീണ്ട് നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  

     വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള കോ ഓപ്പറേറ്റീവ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വരാജ് ട്രോഫി നേടിയ കുമളി പഞ്ചായത്ത് അംഗങ്ങളെ പുഷ്പമേള സംഘാടകസമിതിയുടെയും റോട്ടറി ക്ലബ് തേക്കടിയുടെയും നേതൃത്വത്തില്‍ ആദരിച്ചു.    

     30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍  തയ്യാറാക്കുന്ന പതിനായിരക്കണക്കിന് ചെടികളും പൂക്കളുമാണ് പുഷ്പമേളയുടെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം അമ്യൂസ്മെന്റ് പാര്‍ക്കും ക്രമീകരിച്ചിട്ടുണ്ട്. പുഷ്പാലങ്കാര മത്സരം, സൗന്ദര്യമത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിങ് മത്സരം എന്നിവയും, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഗാനമേളകള്‍, കോമഡി ഷോ, നാടന്‍ പാട്ടുകള്‍, നൃത്തസന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

     തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് വിപുലമായ ടൂറിസം സെമിനാറും ജൈവകൃഷി പ്രോത്സാഹനത്തിനായി ജൈവകര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഹൈടെക്ക് ഡൂം പന്തലില്‍ അറുപതില്‍പരം വാണിജ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ചിത്രപ്രദര്‍ശനം ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.