ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്ക് ബെല്‍ ഓഫ് ഫെയ്ത്ത്

post

ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ  ബെല്‍ ഓഫ് ഫെയ്ത്ത്  രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍  പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ബെല്‍ നല്‍കി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍  ഉദ്ഘാടനം നിര്‍വഹിച്ചു.

 ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 381 ബെല്ലുകളായിരുന്നു രണ്ടു വര്‍ഷം മുമ്പ് വിതരണം ചെയ്തിരുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന ഈ ബെല്ലുകള്‍ അടിയന്തിര ഘട്ടങ്ങളില്‍ അമര്‍ത്തിയാല്‍ ഉച്ചത്തില്‍ അലാറം മുഴങ്ങുകയും, അയല്‍വാസികള്‍ വിവരം അറിഞ്ഞ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിലൂടെ എത്രയും പെട്ടെന്ന്  സഹായം ലഭ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

 ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിവരുന്നത്. പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു വീട്ടില്‍ ഒറ്റക്ക് താമസിച്ചുവന്ന വായോധിക കുളിമുറിയില്‍ വീണ് തലപൊട്ടിയ സംഭവത്തില്‍ ഇത്തരത്തില്‍ സേവനം ഉടനടി ലഭ്യമാക്കപ്പെട്ടിരുന്നു. ജില്ലയില്‍ ഇത്തരം വീടുകളില്‍ പോലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്നും ഇതിനായി പട്രോളിംഗ് കാര്യക്ഷമമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ചടങ്ങില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും  ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറുമായ ജെ. ഉമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജനമൈത്രി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐയുമായ എ. ബിനു എന്നിവര്‍ സംസാരിച്ചു.