സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം

post

പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും
തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്താനും സാധിക്കും: ജില്ലാ കളക്ടര്‍


പത്തനംതിട്ട: പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്തിച്ചേരാനും വിശാലമായ സാധ്യതകള്‍ ആണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

സംസ്ഥാനത്ത് ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ എട്ട് ശതമാനം സംവരണം പട്ടികവര്‍ഗവിഭാഗത്തിനുണ്ടെങ്കിലും ഇവരുടെ പ്രാതിനിധ്യം കുറവാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലേക്ക് എത്താനാണ് ഇത്തരമൊരു നൂതന ഉദ്യമം നടപ്പിലാക്കുന്നത്. ആദിവാസി കുടുംബം ധാരാളമായുള്ള ജില്ലയിലെ പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുകയും ചെയ്ത ശേഷമാണ് ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും ബിരുദം നേടിയ 84  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജില്ലയിലുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

റാന്നി ഡിവിഷണല്‍ ഫോറസ്ററ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം മുപ്പത് വരെയാണ് പരിശീലനപരിപാടി നടക്കുന്നത്. മുപ്പത് ഉദ്യോഗാര്‍ത്ഥികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും ക്ലാസുകള്‍ നല്‍കും. ക്ലാസുകള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് സ്റ്റഡിസിന്റേയും ട്രാബോസിന്റെയും പഠന സഹായികള്‍ കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.