സാമ്പത്തിക സാക്ഷരതാ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

post

ഇടുക്കി :  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ നടത്തി. 2017 മുതല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ ബാങ്കിംഗ് പ്രമേയത്തെ ആസ്പദമാക്കിയാണ് സാമ്പത്തിക സാക്ഷരതാ വാരം ആചരിക്കുന്നത്. 2020 ല്‍ 'സൂക്ഷ്മ ചെറുകിട ഇടത്തര സംരഭങ്ങള്‍' എന്നതായിരുന്നു പ്രമേയത്തിന്റെ വിഷയം. ഇതിനെ അടിസ്ഥാനമാക്കി ഔപചാരികവല്‍ക്കരണം, ഈടില്ലാത്ത വായ്പ, ട്രെഡ് സ് (ഇലക്ട്രോണിക് ബില്‍ ഡിസ്‌കൗണ്ടിംഗ്), കൃത്യമായ വായ്പാ തിരിച്ചടവ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംരഭകര്‍ക്കായി വിദഗ്ധര്‍ ക്ലാസ് നയിച്ചു.
തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതായി സംരഭങ്ങള്‍ തുടങ്ങുന്നവര്‍ താന്‍ ചെയ്യുന്ന സംരംഭത്തെക്കുറിച്ച് നന്നായി പഠിച്ച് ആവശ്യമുള്ള തുക മാത്രം വായ്പയായി എടുത്ത് അത് സമയാ സമയങ്ങളില്‍ തിരിച്ചടക്കാന്‍ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജെസി ആന്റണി പറഞ്ഞു. കൂടാതെ സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സുകളും രേഖകളുമെല്ലാം കരസ്ഥമാക്കുന്നതോടൊപ്പം ബാങ്കിടപാടുകള്‍ സുതാര്യമായി കൈകാര്യം ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ സെലീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.  ജി.എസ്.ടി. ഇടുക്കി ഡിവിഷന്‍ അസി.ഡയറക്ടര്‍ ബിജു പോള്‍, കേരളാ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് ജയകൃഷ്ണന്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ നായര്‍, എസ്.ബി.ഐ. അസി. ജനറല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസ്, ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ ജോര്‍ജ് ജേക്കബ്, ഖാദി ആന്‍ഡ് വില്ലേജ് ബോര്‍ഡ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സാബു എബ്രഹാം എന്നിവര്‍ സംസാരിച്ചു.
സംരഭകര്‍ക്കായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വായ്പകളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍, തൊടുപുഴ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ് അസി. ജില്ലാ വ്യവസായ ഓഫീസര്‍ രഞ്ചു മാണി, തൃശൂര്‍ എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ഇന്‍ഡസ്ട്രീസിലെ അസി. ഡയറക്ടര്‍ വിശേഷ് അഗര്‍വാള്‍, തൊടുപുഴ ബോക്ക് സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് ശ്രീകുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.


RBI