പുതുതലമുറയ്ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.എം.മണി

post

ഇടുക്കി : പുതുതലമുറയ്ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനായി പുതിയ വിദ്യാഭ്യാസനയം തന്നെ രൂപീകരിച്ച് നടപ്പാക്കുകയാണെന്നും വൈദ്യുതി  മന്ത്രി എം.എം.മണി. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് രണ്ട് കോടിരൂപ ചെലവഴിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കുന്നതിന്റെ ഉദാഹരണമാണ്  പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. ലോകത്തെവിടെയും പോയി ജോലി ചെയ്യാനുള്ള കഴിവും ആര്‍ജവവും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കണം. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും  മികച്ച വിദ്യാഭ്യാസം ലഭിച്ച് പുതുതലമുറ ഉന്നതതലങ്ങളില്‍ എത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന, ജില്ലാതല കലാമത്സര ജേതാക്കള്‍ക്ക് മന്ത്രി വേദിയില്‍ ഉപഹാരം നല്കി. എസ് പി സി, ജെആര്‍സി, സ്‌കൗട്ട്  & ഗൈഡ് കേഡറ്റുകള്‍ സല്യൂട്ട് നല്കിയാണ് മന്ത്രിയെ സ്വീകരിച്ചത്. 
 ഉദ്ഘാടന യോഗത്തിന് പിറ്റിഎ പ്രസിഡന്റ് പി.ബി.ഷാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.കെ. ഗീത സ്വാഗതമാശംസിച്ചു. എം.സി. ഉഷ  വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് , ജില്ലാ പഞ്ചായത്തംഗം നിര്‍മ്മലാ നന്ദകുമാര്‍, കട്ടപ്പന ഡിഇഒ ഇന്‍ ചാര്‍ജ് കെ.ഡി.വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട,  ബി, കെ.എം.ഉഷാനന്ദന്‍, ലീലാമ്മ ജോണ്‍, കുര്യന്‍ ആന്റണി, മായ വിനോദ് , ഡൊമിനിക് സ്‌കറിയ, ധനുഷ് കൃഷ്ണ, എന്‍. സുനില്‍ കുമാര്‍, ജയ്‌മോന്‍ പി.ജോര്‍ജ് തുടങ്ങിയവര്‍  സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് രണ്ട് കോടി രൂപ ചെലവഴിച്ച് പുതുതായി  കെട്ടിടം നിര്‍മ്മിച്ചത്. മൂന്നുനിലകളിലായി 15 വലിയ ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. കൂടാതെ ഓരോ നിലയിലും ടോയ്‌ലറ്റ് ബ്ലോക്കും ഉണ്ട്. 500 ലധികം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ട്രെസ് വര്‍ക്ക് ചെയ്ത നാലാം നിലയിലെ  ആഡിറ്റോറിയം.