ചെല്ലാനത്തിന്റെ സമഗ്ര വികസനത്തിനായി മാതൃകാ മത്സ്യഗ്രാമം പദ്ധതി ഒരുങ്ങുന്നു

post

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കും

എറണാകുളം: ചെല്ലാനത്തിന്റെ സമഗ്രവും അടിസ്ഥാനപരവുമായ വികസനം ലക്ഷ്യമിട്ട് മാതൃകാ മത്സ്യഗ്രാമം പദ്ധതി ഒരുങ്ങുന്നു. കുഫോസിലെ നാലായിരത്തോളം വിദ്യാര്‍ത്ഥികളുടെ സഹായത്തോടു കൂടി പ്രദേശത്ത് നടത്തിയ സര്‍വ്വേയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് പ്രദേശത്തിനിണങ്ങുന്ന വികസന മാതൃക ഒരുക്കുന്നത്. പഠന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കേരള തീരവികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഫിഷറീസ്, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പൊതുമരാമത്ത്, സാമൂഹ്യ നീതി എന്നീ വകുപ്പുകളും കുഫോസ് സര്‍വ്വകലാശാല, കുടുംബശ്രീ, മത്സ്യഫെഡ് എന്നീ സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി ഓരോ വകുപ്പുകളുടെയും പരിധിയിലുള്ള പദ്ധതികള്‍ രൂപീകരിക്കും.


മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ചെല്ലാനം ഗ്രാമപഞ്ചായത്തിൽ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. സാമൂഹികവും സാമ്പത്തികവും ഭൗതികവുമായ അടിസ്ഥാന സൗകര്യ വികസനം, സമഗ്ര പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുരക്ഷിതവും വാസയോഗ്യവുമായ പാര്‍പ്പിടം, ജലവിതരണ ശൃംഖലാ സംവിധാനം, മതിയായ ശുചിത്വ-മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍, വൈദ്യുതീകരണം, ശരിയായ റോഡ് കണക്ടിവിറ്റി, ഗതാഗത സംവിധാനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വികസനമാണ് ലക്ഷ്യം. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ ശൃംഖല എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.


മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌ക്കരണം, ഇതര സൂക്ഷ്മ സംരംഭങ്ങള്‍, കമ്മ്യൂണിറ്റി ടൂറിസം തുടങ്ങി പ്രായോഗിക സാമ്പത്തിക പ്രവര്‍ത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉപജീവനത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ചെല്ലാനം മത്സ്യബന്ധന ഗ്രാമം തീരപ്രദേശത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ആവശ്യമായ തീരദേശ സംരക്ഷണവും ദുരന്ത നിവാരണ നടപടികളും മാതൃകാ ഗ്രാമം പദ്ധതിയുടെ മറ്റൊരു പ്രധാന ഘടകമാണ്. ചെല്ലാനം തീരത്ത് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതോടെ കടലേറ്റം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും.