"വീടും സ്ഥലവും വിൽപ്പനക്ക്" ഹ്രസ്വ ചിത്രത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു

post

എറണാകുളം: ഒത്തൊരുമയോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് ശുചിത്വമിഷന്റെ ഹ്രസ്വ ചിത്രം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളോടൊപ്പം കൈകോർത്താൽ നാട് എങ്ങനെ ശുചിത്വ പൂർണമാകും എന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത് . ശുചിത്വ മാലിന്യ സംസ്കരണത്തിന് നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്‍റെ സി.ഡി. തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു. 


കുടുംബങ്ങൾ, വിദ്യാർത്ഥികൾ, യുവാക്കൾ, ഹരിത കർമ്മ സേന എന്നിവരുടെ പങ്കും ചിത്രം വിശദീകരിക്കുന്നു. നിര്യാതനായ സിനിമ സീരിയൽ അഭിനേതാവ് മാടമ്പ് കുഞ്ഞുകുട്ടൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് "വീടും സ്ഥലവും വിൽപ്പനക്ക്

 . 

ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് കഥയും തിരക്കഥയും സംഭാഷണവും ഗാനവും രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിത്രകാരനായ ബാബു വാകയാണ്. പ്രദീപ് നാരായണൻ സംവിധാന സഹായിയായി പ്രവർത്തിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉത്തമൻ കുന്നംകുളമാണ്. സജീഷ് നമ്പൂതിരിയാണ് ചിത്ര സംയോജനം. ശബ്ദലേഖനം റിച്ചാർഡ് അന്തിക്കാടും പശ്ചാത്തല സംഗീതം ഗോകുൽ മണ്ണുത്തിയും നിർവഹിച്ചു.


ജ്യോതിദാസ് ഗുരുവായൂർ ഗാന സംഗീതവും ഗാനാലാപനവും, ഉദയൻ കാണിപ്പയ്യൂർ ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു. കറുകുറ്റി പഞ്ചായത്ത് എ.പി. കുര്യൻ സ്മാരക ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവരും സന്നിഹിതരായിരുന്നു.