ഓപ്പറേഷൻ വാഹിനിയെ സ്വാഗതം ചെയ്ത് മന്ത്രിയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും

post


എറണാകുളം: പെരിയാറിന്റെയും മുവാറ്റുപുഴയാറിന്റെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഓപ്പറേഷൻ വാഹിനി പോലുള്ള പദ്ധതികൾ ജില്ലക്ക് അത്യാവശ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. നവകേരള തദ്ദേശകം 2022 പരിപടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതോടൊപ്പം മാലിന്യ സംസ്കരണവും ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.


ഓപ്പറേഷൻ വാഹിനി പദ്ധതി സ്വാഗതം ചെയ്യുന്നതായി ആലുവ നഗരസഭാ ചെയർമാൻ എം.ഒ ജോൺ അഭിപ്രായപ്പെട്ടു. പെരിയാറിലെ മാലിന്യ പ്രശ്നങ്ങൾക്കും സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഓപ്പറേഷൻ വാഹിനി പദ്ധതി കരുതലും കാവലുമാണെന്ന് കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ലാലു പറഞ്ഞു. കൈതോടുകളിലെ മാലിന്യങ്ങളും മറ്റും മാറ്റി നീരൊഴുക്ക് പൂർവസ്ഥിതിയിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കരുമാല്ലൂർ പോലുള്ള പ്രദേശത്ത് വെള്ളപ്പൊക്കം തടയാൻ ഇതു കൊണ്ട് സാധിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.


പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളിലെ എക്കൽ, മണ്ണ് എന്നിവ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. അടുത്ത മൺസൂണിനു മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ് , തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.