സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം

post


ഇടുക്കി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍. കാഞ്ചിയാറില്‍ ജന്‍ഡര്‍ ബോധവത്കരണ ഏകദിന  സെമിനാര്‍  ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുകൊണ്ട് അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ബോധവാന്മാരായിരുന്നാല്‍ മാത്രമേ സമൂഹത്തിലെ നിരവധിയായ പ്രശ്നങ്ങളെ നേരിടാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമൂഹ്യജീവിയായി നില്‍ക്കുമ്പോള്‍ ലിംഗപരമായ വിവേചനമില്ലാതെ എല്ലാ കാര്യങ്ങളിലും സ്ത്രീ പുരുഷ പ്രാതിനിധ്യം ഉണ്ടാവണം. മാറുന്ന കാലഘട്ടത്തില്‍ സമൂഹത്തെ നയിക്കാന്‍ ജനപ്രതിനിധികള്‍ പ്രാപ്തരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു.  


കട്ടപ്പന സിഡിപിയ്ക്ക് കീഴിലെ മൂന്നു പഞ്ചായത്തുകളിലെയും കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെയും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ശിശുവികസനവകുപ്പ് ഐസിഡിഎസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ക്ലാസ്സുകള്‍ക്ക് പേരന്റിങ് പരിശീലകനും മൊട്ടിവേറ്ററുമായ പ്രീത ഭാസ്‌കര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ രമ പി.കെ, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.