ആറ്റുകാല്‍ പൊങ്കാല: ഉത്സവം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നിര്‍ദ്ദേശം

post

ഒരുക്കങ്ങള്‍ ഈ മാസം പൂര്‍ത്തീകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. സ്വിവറേജ് ശുചീകരണവും നടത്താന്‍ ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പൊങ്കാല ഉത്സവത്തിന്റെ സുഗമ നടത്തിപ്പിന് നോഡല്‍ ഓഫീസറായി എ ഡി എം വി.ആര്‍ വിനോദിനെ ചുമതലപ്പെടുത്തി.  അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഹരിതചട്ടപാലനം ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി പരസ്യ പ്രചാരണം നടത്തും.

3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. 2000 വനിതാ പോലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതലയിലുള്ളത്.  മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍  അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം പി.ആര്‍.എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷാ പാതയാക്കും. 25 ട്രാഫിക് വാര്‍ഡന്‍മാരെയും നിയോഗിക്കും.  ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ട്രസ്റ്റ് നല്‍കും. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ ചുമതലപ്പെടുത്തുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി. 60 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുക്കും. ഇഷ്ടികകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് നല്‍കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ 23 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി ബയോ ടോയ്‌ലറ്റുകളും, പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും സ്ഥാപിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കണക്കിലെടുത്ത് പോലീസിന്റെ അനുവാദം കൂടാതെയും നിശ്ചിത പരിധിയില്‍ കൂടുതല്‍ ശബ്ദത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ല. രണ്ടു സ്പീക്കറുകള്‍ വീതമാണ് അനുവദിക്കുക. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  

ഫയര്‍ഫോഴ്‌സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും.

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും. ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ഒന്‍പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അവയ്ക്ക് കൂടുതല്‍ സ്റ്റോപ്പുകളും പൊങ്കാല ദിവസം ഉണ്ടാകും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നടത്തിയ മൂന്നാമത്തെ യോഗമാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.