കിളിവയല്‍ കോളനിയിലെ 23 കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി

post

പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്തിലെ  ആറാം വാര്‍ഡായ കിളിവയലിലെ  കോളനി നിവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു.കിളിവയല്‍ കോളനിയിലെ 23 കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണ ടാപ്പ് വഴി ശുദ്ധജലം വീട്ടിലെത്തിക്കുന്ന പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ 2016-2017 വര്‍ഷത്തെ എസ്.സി ഫണ്ടില്‍നിന്നും 8,47,000 രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വൈദ്യുതി കണക്ഷന്‍ ലഭിച്ചാലുടന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്താനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനമെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. ഷൈലേന്ദ്രനാഥ് പറഞ്ഞു.

 കിളിവയലിലെ പഞ്ചായത്ത് കിണറിന്റെ ആഴം കൂട്ടി പദ്ധതിക്കായി ജല ലഭ്യത ഉറപ്പാക്കി. ഉയര്‍ന്ന പ്രദേശമായ ഇവിടെ 15 മീറ്റര്‍ ഉയരത്തില്‍ 10,000 ലിറ്ററിന്റെ ടാങ്ക് നിര്‍മിച്ചു. ജലവിതരണത്തിനായി മൂന്ന് എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ചു. ടാങ്കില്‍ നിന്നും കിളിവയല്‍ കോളനിയിലെ 23 വീടുകളിലേയ്ക്കും കുടിവെള്ള വിതരണ ടാപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ടാപ്പുകളില്‍ 24 മണിക്കൂറും ജലം ലഭ്യമാകുന്ന രീതിയിലാണ് നിര്‍മാണം നടത്തിയിട്ടുള്ളത്.  ജലവിതരണ ടെസ്റ്റ് റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.