ആരോഗ്യം ആയുര്‍വേദത്തിലൂടെ; ശ്രദ്ധേയമായി തൊടുപുഴയിലെ ആയുഷ്ഗ്രാം പദ്ധതി
ഇടുക്കി: നാഷ്ണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കില്‍ നടപ്പാക്കുന്ന ആയുഷ് ഗ്രാം പദ്ധതി ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തൊട്ടാകെ 16 സ്ഥലങ്ങളിലാണ് പദ്ധതിയുള്ളത്. തൊടുപുഴ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മുട്ടം, മണക്കാട്, പുറപ്പുഴ, ഇടവെട്ടി, കരിങ്കുന്നം, കുമാരമംഗലം എന്നീ ആറ് ഗ്രാമപഞ്ചായത്തുകളില്‍ 2016 നവംബര്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ആയുര്‍വേദ ജീവിത രീതിയുടേയും യോഗയുടേയും പ്രാധാന്യം ജനങ്ങളെ മനസിലാക്കിക്കൊടുത്ത് അതിലൂടെ ആരോഗ്യമുള്ള തലമുറയെ വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗാ ട്രെയിനിങ്, ഔഷധ സസ്യകൃഷി പ്രചരണം, ഉദ്യാന നിര്‍മ്മാണം, ജീവിത ശൈലി രോഗ നിയന്ത്രണം, ഐ.ഇ.സി വര്‍ക്കുകള്‍, നൂതനാശയങ്ങളുടെ ആവിഷ്‌കരണം തുടങ്ങി പൊതുജനങ്ങളെ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആയുഷ് ഗ്രാം പദ്ധതി നടപ്പിലാക്കുന്നത്.
1500 ലധികം ബോധവല്‍ക്കരണ ക്ലാസുകള്‍
ആരോഗ്യ വര്‍ദ്ധനം ആയുര്‍വേദത്തിലൂടെ എന്ന ലക്ഷ്യത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആയുര്‍വേദ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍. സ്‌കൂളുകള്‍, കോളേജുകള്‍, പഞ്ചായത്തുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇതിനോടകം 1500 ലധികം ക്ലാസുകള്‍ സംഘടിപ്പിച്ച് കഴിഞ്ഞു. ദിനചര്യ, ഋതുചര്യ, ജീവിത ശൈലീ രോഗങ്ങള്‍, യോഗ, അസ്ഥിഗത രോഗങ്ങള്‍, ഉദരരോഗ പരിചയം, ഗൃഹവൈദ്യ പരിചയം, ക്യാന്‍സറും ആയുര്‍വേദവും, നാഡി പരിചയം, നേത്രരക്ഷാമാര്‍ഗങ്ങള്‍, പ്രമേഹം, സ്ത്രീജനാരോഗ്യം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകള്‍ സംഘടിപ്പിച്ചത്.
സംയോജിത പ്രവര്‍ത്തനം
പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ കൃഷി പരിപാലനം, പച്ചക്കറി കൃഷി വികസനം, ജൈവ കമ്പോസ്റ്റ് നിര്‍മ്മാണം, വൃക്ഷായുര്‍വേദം സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ആരോഗ്യ ക്ലാസുകള്‍, ബാലസഭയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി പഠനശിബിരങ്ങള്‍, പ്ലാസ്റ്റിക് വര്‍ജനത്തെക്കുറിച്ച് ക്ലാസുകള്‍, ഭക്ഷ്യവിഷത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍, വേനല്‍ക്കാല ആരോഗ്യ പഠന പരിശീലന കളരി, സ്ത്രീകള്‍ക്കായി തുണി, പേപ്പര്‍, കവര്‍, അപരാജിത അഗര്‍ബതി നിര്‍മാണ പരിശീലനം, ശുചിത്വമിഷനുമായി ചേര്‍ന്ന് ശുചീകരണവും രോഗ പ്രതിരോധവും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സെമിനാറും നടത്തിയിട്ടുണ്ട്. ഇതിന് പുറമേ പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവയുടെ വിതരണവുമുണ്ട്. പദ്ധതിയോടനുബന്ധിച്ച് തെരുവ് നാടകവും സംഘടിപ്പിച്ചിരുന്നു.
യോഗാ പരിശീലനവും ക്ലാസുകളും
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ക്കായി യോഗാ ക്ലാസുകള്‍ നടത്തുവാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കുട്ടികളും ചെറുപ്പക്കാരും എന്നതിന് പുറമേ വീട്ടമ്മമാരും ജോലിക്കാരുമായ സ്ത്രീകളുള്‍പ്പെടെ മുതിര്‍ന്നവരെയും യോഗ ക്ലാസില്‍ പങ്കെടുപ്പിക്കാനായി. ഇതിന് പുറമേ ഒട്ടനവധിയാളുകളെ യോഗ പരിശീലകരാക്കുന്നതിനും സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്ന യോഗാ ക്ലാസുകള്‍ ഇപ്പോഴും തുടരുന്നു.
ഔഷധ സസ്യകൃഷി പ്രചരണവും ഉദ്യാന നിര്‍മ്മാണവും
ആയുര്‍വേദത്തിന്റെ അവിഭാജ്യ ഘടകമായ ഔഷധ സസ്യകൃഷിയെക്കുറിച്ചുള്ള പ്രചരണവും അതോടനുബന്ധിച്ച്് ഉദ്യാന നിര്‍മ്മാണവും ജനകീയമാക്കാന്‍ കഴിഞ്ഞുവെന്നത് പദ്ധതിയുടെ വിജയമായി. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. ഇതിന് പുറമേ മുട്ടം മലങ്കര ജലാശയം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാറിക പള്ളി, ജില്ലാ ജയില്‍, സ്‌കൂളുകള്‍, മുട്ടം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ പഞ്ചായത്തുകളിലും ഔഷധ ഉദ്യാന നിര്‍മ്മാണവും നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റേയും പ്രത്യേകത അനുസരിച്ച് ഇരുന്നൂറോളം ഇനം ഔഷധ സസ്യങ്ങളാണ് ഇതുവഴി നട്ടുപിടിപ്പിക്കുന്നതിനായി. മുട്ടത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ കറിവേപ്പ് ഗ്രാം ഏറെ ശ്രദ്ധനേടിയിരുന്നു.
മലങ്കരയില്‍ 600 ലധികം ഔഷധ സസ്യങ്ങള്‍
മലങ്കര ജലാശയത്തോട് ചേര്‍ന്ന് രണ്ട് ഏക്കറോളം സ്ഥലത്ത് ലഭ്യമായ എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തി 600 ലധികം തൈകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. മുട്ടം ഗ്രാമപഞ്ചായത്തും എം.വി.ഐ.പിയുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മുട്ടത്തെ തൊഴിലുറപ്പ് ജോലിക്കാരുടെ സേവനവും ഇതിനായി ലഭ്യമാക്കി. ഇതിനോടകം ആയിരത്തോളം തൊഴില്‍ ദിനങ്ങളും ഇതുവഴി സൃഷ്ടിക്കാനായിട്ടുണ്ട്. ചെടികള്‍ നടുക എന്നതിന് പുറമേ ജലസേചനം ഉള്‍പ്പെടെ കൃത്യമായ തുടര്‍ പരിചരണവും ഇവിടെ ഉറപ്പാക്കുന്നുണ്ട്. ഇതോടൊപ്പം ഓരോ ഇനം തൈകളുടെ പേരും ശാസ്ത്രീയ നാമവും ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോര്‍ഡും തൈകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. തൈകള്‍ വിലകൊടുത്ത് വാങ്ങിയതിന് പുറമേ ഔഷധി, നാഗാര്‍ജുന എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായും എത്തിച്ചിരുന്നു.
ബ്ലോക്ക് തല ഓഫീസ് മുട്ടത്ത്
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് ആയുഷ്ഗ്രാം പദ്ധതിയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നത്. മൂന്ന് ജീവനക്കാരും ബ്ലോക്കിലുണ്ട്. ഡോ. രഹ്ന സിദ്ധാര്‍ഥനാണ് തൊടുപുഴ ബ്ലോക്ക് ആയുഷ്ഗ്രാം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍. ഇതിന് പുറമേ യോഗ പരിശീലക, ഹെല്‍പ്പര്‍ എന്നിങ്ങനെയാണ് രണ്ട് ജീവനക്കാരുമുണ്ട്. മുട്ടം ആയുര്‍വേദ ഡിസ്‌പെന്‍സറിയിലാണ് ആയുഷ് ഗ്രാം തൊടുപുഴ ബ്ലോക്ക് നോഡല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുട്ടം ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസ്ലിന്‍ ജോസ് നോഡല്‍ ഓഫീസറുമാണ്.










