ഇടുക്കി ജില്ല പരിപൂര്‍ണ്ണ സാക്ഷരതയിലേക്ക്

post

ഇടുക്കി: ഇടുക്കി ജില്ലയെ പരിപൂര്‍ണ്ണ സാക്ഷരതയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കാനുള്ള പദ്ധതികളുടെ തുടക്കമാണ് പഠ്ന ലിഖ്‌ന അഭിയാന്‍ പദ്ധതിയിലൂടെ ആരംഭിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള ബ്ലാക്ക് ബോര്‍ഡും ചോക്കും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളുടെ ജില്ലാതല വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വ്വഹിച്ചു.

ഇടവെട്ടി, വാഴത്തോപ്പ് പഞ്ചായത്തുകള്‍ക്കാണ് ജില്ലാതല ഉദ്ഘാടനത്തില്‍ പഠന ഉപകരണങ്ങള്‍ നല്‍കിയത്.  വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ പഠിതാക്കളായ കരുമ്പിയമ്മ, രാജമ്മ എന്നിവരും ഇടവെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എം അബ്ദുള്‍സമദും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്നും പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

ജില്ലയില്‍ ആകെ 23840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ 17267 പേര്‍ സ്ത്രീകളാണ്.പുരുഷന്‍മാര്‍  6573 പേരും.എസ് സി വിഭാഗത്തില്‍ നിന്ന് 6694 പേരും എസ് ടി വിഭാഗത്തില്‍ നിന്ന് 5872 പേരും പഠിതാക്കളായുണ്ട്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 4759 പേരും പൊതു വിഭാഗത്തില്‍ നിന്ന് 6515 പേരും പഠിതാക്കളാണ്. ഇവരെ മാര്‍ച്ച് 31 ഓടെ സാക്ഷരരാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ പഠിതാക്കള്‍ക്കായി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. 15 വയസിനു മുകളിലുള്ളവരാണ് പഠിതാക്കള്‍ എല്ലാവരും. സന്നദ്ധ സേവകരായ 2000 ഓളം ഇന്‍സ്ട്രക്ടര്‍മാരാണ് സാക്ഷരതാ ക്ലാസുകളിലെ അധ്യാപകര്‍.