തോടുകളെ പുനരുജ്ജീവിപ്പിക്കാന്‍ 'വാഹിനി'

post

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിന് ശേഷം ഓപ്പറേഷന്‍ വാഹിനി

ഗ്രാമങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം


       
        നീരൊഴുക്ക് തടസപ്പെട്ട് നിര്‍ജീവമായ തോടുകളെ പുനരുജ്ജീവിപ്പിക്കാന്‍ ഓപ്പറേഷന്‍ വാഹിനി ദൗത്യവുമായി ജില്ലാ ഭരണകൂടം. തോടുകളിലെ തടസങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുകയാണു ലക്ഷ്യം. മഴ കനക്കുമ്പോള്‍ തോടുകള്‍ കവിഞ്ഞൊഴുകി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനുംകൂടി പദ്ധതി ലക്ഷ്യമിടുന്നു. 


കൈവഴികളെല്ലാം നിറഞ്ഞു തന്നെ

        പെരിയാറിന്റെയും മുവാറ്റുപുഴയാറിന്റെയും കൈവഴികളെല്ലാം എക്കല്‍, ചെളി, മണ്ണ്, മാലിന്യം എന്നിവയാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ജലസേചന വകുപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെയും 19 ലെ യും പ്രളയങ്ങള്‍ ഇതിനു കാരണങ്ങളാണ്. തോടുകളില്‍ ഒന്നര മീറ്ററിലധികം ഉയരത്തിലാണ് ഇത്തരം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതു തോടുകളുടെ വെള്ളം വഹിക്കാനുള്ള ശേഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. ചെറിയ മഴയില്‍തന്നെ വെള്ളം കരകവിയാനും വാസസ്ഥലങ്ങളിലേക്കു വെള്ളം കയറാനും കാരണമാകുന്നു. ഇതിനൊരു പരിഹാരം കൂടിയാണ് ഓപ്പറേഷന്‍ വാഹിനിയിലൂടെ ലക്ഷ്യമിടുന്നത്.

വാഹിനിയില്‍ ജീവന്‍ ലഭിക്കുന്നത് 193 കൈവഴികള്‍ക്ക്


        പെരിയാര്‍ - മുവാറ്റുപുഴ നദികളില്‍ നിന്നും തിരിഞ്ഞു പോകുന്ന ജില്ലയിലെ 193 കൈവഴികളും ഓപ്പറേഷന്‍ വാഹിനിയിലൂടെ പുനരുജ്ജീവിപ്പിക്കും. മൂന്നു മീറ്ററില്‍ കൂടുതല്‍ വീതിയുള്ള തോടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും പ്രവര്‍ത്തനങ്ങളുടെ ചുമതല. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തും. പെരിയാറിന്റെ തീരത്തുള്ള 36 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും 5 മുനിസിപ്പാലിറ്റികളും കോര്‍പറേഷനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. മുവാറ്റുപുഴയാറിന്റെ തീരത്തുള്ള 9 ഗ്രാമ പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും വാഹിനിയുടെ ഭാഗമാകും. ബന്ധപ്പെട്ട താലൂക്കുകളും ബ്ലോക്ക് പഞ്ചായത്തുകളും ഒപ്പമുണ്ടാകും.


കാവലായി നിരീക്ഷണ സമിതികള്‍


       ഒരേസമയം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന രീതിയിലാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മേല്‍നോട്ടത്തിനായി ബ്ലോക്ക് പഞ്ചായത്ത്തലത്തിലും തദ്ദേശ സ്ഥാപനതലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിച്ചു. അധ്യക്ഷന്മാരെ കൂടാതെ ജനപ്രതിനിധികളും പ്രദേശവാസികളും നിരീക്ഷണ സമിതിയില്‍ അംഗങ്ങളാണ്. ഓരോ ദിവസവും പുരോഗമിക്കുന്ന ജോലികള്‍ ജില്ലാ കേന്ദ്രത്തില്‍ അതാതു ദിവസം തന്നെ അറിയിക്കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.


മാലിന്യ നിക്ഷേപവും വില്ലനാണ്


        പുഴകളുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുന്നതില്‍ മാലിന്യ നിക്ഷേപങ്ങളും കാരണമാണെന്ന് ജലസേചന വകുപ്പ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെരിയാറിന്റെ കൈവഴികളില്‍ ജില്ലയില്‍ 106 കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കോര്‍പറേഷന്‍ പരിധിയില്‍ കൂടാതെ പഞ്ചായത്ത് പ്രദേശങ്ങളില്‍ വരുന്ന തോടുകളിലും മാലിന്യ നിക്ഷേപമുണ്ട്. ഇതില്‍ 15 കേന്ദ്രങ്ങളില്‍ വ്യവസായിക മാലിന്യങ്ങളാണു നിറഞ്ഞിരിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കും ഓപ്പറേഷന്‍ വാഹിനിയിലൂടെ പരിഹാരം കാണാന്‍ തദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഭാവിയില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

പുഴയ്ക്ക് നടുവില്‍ കാട്


        പല കൈവഴികളും പുല്ലുകള്‍ നിറഞ്ഞ് കാടു പിടിച്ച നിലയിലാണ്. ഇതും നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പലതും വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ തന്നെയാണ്. പ്രത്യേകം സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇത്തരം കൈതോടുകള്‍ വൃത്തിയാക്കും. ഇതും ഓപ്പറേഷന്‍ വാഹിനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതല കമ്മിറ്റി നിശ്ചയിക്കുന്ന അടിസ്ഥാന വിലയില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ലേലം ചെയ്ത് ഇത്തരം തടസങ്ങള്‍ നീക്കം ചെയ്യാം. നിരീക്ഷണ സമിതിയുടെ മേല്‍നോട്ടവുമുണ്ടാകും. ആവശ്യം വേണ്ടയിടങ്ങളില്‍ ദുരന്ത നിവാരണ സമിതിയും ജലസേചന വകുപ്പും ഇടപെട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍.

മാതൃകയായ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

        കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ. ഇതു വന്‍ വിജയമായിരുന്നു. ചെറിയ മഴയില്‍ പോലും വെള്ളം പൊങ്ങുന്ന അവസ്ഥ ഇപ്പോള്‍ നഗരത്തിലില്ല. അതിന്റെ വിജയം വാഹിനിക്ക് പ്രചോദനം നല്‍കുമെന്ന് ബ്രേക്ക് ത്രൂവിന് നേതൃത്വം നല്‍കിയ ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍ പറയുന്നു. വാഹിനിയിലൂടെ ഗ്രാമപ്രദേശങ്ങളിലെ വെള്ളക്കെട്ടിനും പരിഹാരം കാണാന്‍ കഴിയുമെന്നും ബാജി പറയുന്നു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 23 ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിക്കും. അടുത്ത കാലവര്‍ഷത്തിനു മുമ്പു പദ്ധതി പൂര്‍ത്തീകരിക്കും.