എളങ്കുന്നപ്പുഴ കാരിക്കാശേരി തൊമ്മൻ റോഡ് നവീകരണത്തിന് 25.60 ലക്ഷം

post

എറണാകുളം: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ കാരിക്കാശേരി തൊമ്മൻ സ്‌മാരക റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 25.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. കാലാകാലങ്ങളായി നിർമാണപ്രവർത്തനങ്ങളൊന്നുമില്ലാതെ താറുമാറായും മഴക്കാലത്ത് വെള്ളക്കെട്ടുമായും കിടക്കുന്ന റോഡിന് നവീകരണ പദ്ധതിയോടെ ശാപമോക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമാണ നിർവഹണ ചുമതല. പെരുമാൾപ്പടിയിൽ നിന്ന് കിഴക്കോട്ട് 270മീറ്റർ നീളത്തിൽ നിർമിക്കുന്ന റോഡിന് 3.70 മീറ്റർ വീതിയുണ്ടാകും. ആധുനിക നിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് നവീകരണം. ആറുമാസത്തിനകം പണി പൂർത്തിയാകും. പ്രദേശവാസികൾ അനുഭവിച്ചുപോന്ന രൂക്ഷമായ യാത്രാദുരിതത്തിന് പുതിയ റോഡ് വരുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് വാർഡ് അംഗം മിനി സുനിൽ പറഞ്ഞു.