മാലിന്യ സംസ്‌കരണ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം

post

പത്തനംതിട്ട: മാലിന്യ സംസ്‌കരണ വിഷയത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കര്‍മ്മ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍  ഗ്രാമപഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു കടകളില്‍ പരിശോധന നടത്തി പിഴ ഈടാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍  ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് 31ന്  മുമ്പായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും സമ്പൂര്‍ണ മാലിന്യ സംസ്‌കരണം നടപ്പാക്കണം. എല്ലാ പഞ്ചായത്തുകളും സ്ഥിര എം.സി.എഫ് സ്ഥാപിക്കണം. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ വയബിലിറ്റി ഗാപ് ഫണ്ട് കൃത്യമായി നല്‍കണം. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്കു മെച്ചപ്പെട്ട യൂസര്‍ ഫീസ് സമാഹരിക്കുവാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും സഹകരണങ്ങള്‍ ഉണ്ടാകണം. എല്ലാ ബ്ലോക്കുകളിലും ആര്‍.ആര്‍. എഫുകള്‍ സ്ഥാപിക്കണം. അതതു ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മഞ്ഞനിക്കര തീര്‍ഥാടനം, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ചടങ്ങുകളില്‍  ഹരിത ചട്ടം കൊണ്ടുവരാന്‍ സാധിച്ചു. മാലിന്യ സംസ്‌കരണ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.