വികസന ചിത്രങ്ങള്‍ കണ്ടറിഞ്ഞ് തോട്ടംമേഖല; ചിത്രപ്രദര്‍ശന വാഹനത്തിന്റെ പര്യടനം ദേവികുളം മണ്ഡലത്തില്‍

post

ഇടുക്കി: ഇടുക്കി ജില്ലാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്  സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനത്തിന്റെ പര്യടനം ദേവികുളം മണ്ഡലത്തില്‍ പ്രവേശിച്ചു. ദേവികുളത്തും മൂന്നാറിലും പ്രദര്‍ശന വാഹനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. തൊഴിലാളികള്‍ ഉള്‍പ്പെടെ വാഹനത്തിലെത്തി വികസനചിത്രങ്ങള്‍ കണ്ടു മടങ്ങി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറും ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കുമാറും ചിത്രപ്രദര്‍ശനം കാണുവാന്‍ പര്യടന വാഹനത്തിലെത്തി.

തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ആരംഭിച്ച പര്യടനം അഞ്ചാം ദിവസമായ വെള്ളിയാഴ്ച    ഉടുമ്പന്‍ചോലയില്‍ നിന്നുമായിരുന്നു ചിത്രപ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്. രാജാക്കാടും രാജകുമാരിയും പൂപ്പാറയുമടക്കമുളള ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനമൊരുക്കിയ വാഹനത്തിന്റെ ഇന്നലത്തെ പര്യടനം മൂന്നാറില്‍ സമാപിച്ചു.  പള്ളിവാസല്‍, ആനച്ചാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പ്രദര്‍ശന വാഹനത്തിന്റെ പര്യടനം ഇന്ന്  (19) അടിമാലിയില്‍ എത്തും.

ജനാധിപത്യത്തിന്റെ കരുത്തും വികസനത്തിന്റെ കുതിപ്പും കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വളര്‍ച്ചയുടെയും നിറകാഴ്ചകളുമാണ്  പ്രദര്‍ശന ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവകേരള മിഷന്റെ പ്രവര്‍ത്തന മികവും  ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ദൃശ്യവിരുന്നിനു കൊഴുപ്പേകാന്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചിത്രങ്ങളെ കുറിച്ച് ലഘുവിവരണങ്ങളും അവയുടെ ചരിത്ര പശ്ചാത്തലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സുവര്‍ണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.