അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ പൂര്‍ത്തിയായി

കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, വാര്‍ഡുതല ജനകീയ സമിതി, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, എന്യൂമറേഷന്‍,ബ്ലോക്കുതല ഉദ്യോഗസ്ഥ സൂപ്പര്‍ ചെക്കിങ്ങ്, എന്നിവ രൂപീകരിച്ചാണ് ദരിദ്രരായവരുടെ പട്ടിക തയാറാക്കിയത്. പഞ്ചായത്തിലെ ആകെ 7,718 കുടുംബങ്ങളില്‍ നിന്ന് വാര്‍ഡ്തല ജനകീയ സമിതി 126 പേരെ കണ്ടെത്തുകയും തുടര്‍ന്ന് രണ്ട് വീതം എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് മൊബൈല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തി ബ്ലോക്കുതല സൂപ്പര്‍ ചെക്കിങ്ങിന് ശേഷം പട്ടിക പഞ്ചായത്തുതല ഉപസമിതി പരിശോധിച്ച് 50 പേരെ അതിദരിദ്രരായി തിരഞ്ഞെടുക്കുകയായിരുന്നു.
പട്ടികയില്‍ 41 സ്ത്രീകളും 9 പുരുഷന്മാരുമാണുള്ളത്. 3 ,9,14,15,16 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍. അതേസമയം ഏഴാം വാര്‍ഡില്‍ ആരും തന്നെ അതിദരിദ്രരായില്ല. പതിനേഴാം വാര്‍ഡില്‍ ഒരാളാണ് അതിദരിദ്രരായി ഉള്ളത്. പട്ടികയില്‍ ഉള്‍പ്പെട്ടവരെ നേരില്‍കണ്ട് സൂക്ഷ്മതല പദ്ധതികള്‍ തയ്യാറാക്കുന്നതിന് 3 ഉദ്യോസ്ഥതല സമിതിയെ ചുമതലപ്പെടുത്തി. വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ എഡിഎസ് ഭാരവാഹികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. അതിദരിദ്രരായി കണ്ടെത്തിയവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും പഞ്ചായത്ത് ഭരണസമിതി നന്ദി അറിയിച്ചു.