ചെമ്മനാട് കീഴൂരില്‍ ശുചിത്വ സാഗരം; നാല് ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കി

post


കാസർഗോഡ്: ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കീഴൂര്‍ കടല്‍ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ഏറെക്കാലമായി തീരപ്രദേശത്ത് മാലിന്യ പ്രശ്നം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ബോധവല്‍ക്കരണമെന്നോണം 260 ഓളം പേരെ ഉള്‍പ്പെടുത്തി 'ശുചിത്വസാഗരം' എന്ന പേരില്‍ കടല്‍ത്തീര ശുചീകരണം നടത്തിയത്. രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞം രണ്ടു മണി വരെ നീണ്ടു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സിഡിഎസ്സ് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ , ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളായി.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. തീരപ്രദേശത്തെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ പൊതുജനങ്ങള്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കല്‍ അധ്യക്ഷത വഹിച്ചു.