പോക്‌സൊ പ്രത്യേക കോടതി അനുവദിക്കണം

post

ഇടുക്കി: ജില്ലയില്‍ പോക്‌സൊ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തിയ പോക്‌സൊ അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമസഭ മുതല്‍ ഗ്രാമ - ബ്ലോക്ക് - ജില്ലാ തലത്തില്‍ മുന്നു മാസത്തിലൊരിക്കല്‍ ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. പോക്‌സൊ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സമയ ബന്ധിതമായി ഒരുക്കണം. തോട്ടം മേഖലകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലും പോക്‌സൊ നിയമ ബോധവല്‍ക്കരണം വ്യാപിപ്പിക്കണമെന്നും എം.പി. നിര്‍ദ്ദേശ്ശിച്ചു.

ജില്ലാ ശിശുസംരക്ഷണ സമിതികളുടെ സംയുക്ത യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, ജില്ലാ സംരക്ഷണ സമിതി എന്നിവയാണ് സര്‍ക്കാര്‍ സന്നദ്ധ മേഖലയില്‍ ശിശു സംരക്ഷണത്തിനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജില്ലാ സമിതികള്‍. ബി. സുനില്‍ ദത്ത് (ജില്ലാ ഗവ. പ്ലീഡര്‍), കെ. ആര്‍. ജനാര്‍ദ്ദനന്‍ (സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി), പി. ബി. വാഹിദ (സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, പോക്‌സോ), കെ. ആന്റണി (ഡി.വൈ.എസ്.പി. ക്രൈംബ്രാഞ്ച്), പ്രിന്റോ മാത്യു (കോര്‍ഡിനേറ്റര്‍ ചൈല്‍ഡ് മീ, ഇടുക്കി), അഡ്വ. എച്ച്. കൃഷ്ണകുമാര്‍ (ശിശുക്ഷേമ സമിതി അംഗം), എന്‍. സതീഷ്‌കുമാര്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.