ഹൃദ്രോഗ ചികിത്സയിലെ കോട്ടയം മോഡല്‍ രാജ്യത്തിനാകെ മാതൃക

post

കൊച്ചി: അതിരുകളില്ലാത്ത സേവനം എന്നാണ് ആരോഗ്യ രംഗത്തെക്കുറിച്ച് പറയാറുള്ളതെങ്കിലും സാമ്പത്തിക നിലയിലെ അന്തരം അവിടെ അതിരുകള്‍ തീര്‍ക്കുന്നതായി കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി. കെ ജയകുമാര്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അതിരുകളില്ലാത്ത ഇടമാണ് ആരോഗ്യ രംഗം. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആരോഗ്യസംരക്ഷണത്തിനായി കടുത്ത ഭാരം ഏറ്റെടുക്കേണ്ടിവരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരോഗ്യ സംരക്ഷണത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃതി അന്ത്രാഷ്ട്ര സാഹിത്യോത്സവത്തില്‍ ആരോഗ്യ പരിപാലനം അതിരുകളില്ലാത്ത ഇടങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാവുന്നത് ഹൃദ്രോഗമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം തലവന്‍ വി.എല്‍. ജയപ്രകാശ് പറഞ്ഞു. കേരളത്തിലെ ഹൃദ്രോഗ നിരക്ക് 12.5 ശതമാനമാണ്. 45 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തില്‍ ഇത് 19 ശതമാനമാണ്. കേരളത്തില്‍ കാന്‍സര്‍ രോഗ നിരക്ക് ആയിരത്തില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ്. എന്നാല്‍ ഹൃദ്രോഗികളുടെ നിരക്ക് ഇതിന്റെ 125 മടങ്ങാണ്. 

ഒരു ലക്ഷത്തില്‍ 385 പേര്‍ എന്നതാണ് ഹൃദ്രോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മരിക്കുന്നവരുടെ നിരക്ക്. കാന്‍സറിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്താണ് അപകട മരണങ്ങള്‍. ഹൃദ്രോഗവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വാള്‍വ് റീപ്ലേസ്‌മെന്റ് ബൈപ്പാസ് സര്‍ജറിയും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും ഇന്ന് നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജിലാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ വി.എന്‍ വാസവന്‍ എം.എല്‍.എ പറഞ്ഞു. മറ്റു മെഡിക്കല്‍ കോളജുകളിലേതിനേക്കാള്‍ അഞ്ചിരട്ടിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ഹൃദ്രോഗ ശസ്ത്രക്രിയയുടെ നിരക്ക്. കുട്ടികളുടെ ഹൃദേരോഗ ചികിസ്തയ്ക്കും കൂടുതല്‍ സംവിധാനങ്ങള്‍ കോട്ടയത്താണ്. ഏറ്റവും അഭിമാനകരമായ നേട്ടങ്ങള്‍ സ്വീകരിച്ച് ആതുര ചികിത്സാ രംഗത്തെ മികച്ച കേന്ദ്രമായിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.