തൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ

post

തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നിയുക്തി 2021 മെഗാ ജോബ് ഫെയര്‍ നടന്നു

പത്തനംതിട്ട: തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടന്ന നിയുക്തി 2021 മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള പരിഗണനയ്‌ക്കൊപ്പം തന്നെ സ്വകാര്യ സംരംഭകരുമായി തൊഴില്‍ അന്വേഷകരെ ബന്ധപ്പെടുത്തി കൊടുക്കുന്ന പ്രവര്‍ത്തനമാണ് മെഗാ തൊഴില്‍ മേളകളിലൂടെ നടത്തപ്പെടുന്നതെന്നും എംഎല്‍എ പറഞ്ഞു.

മേളയില്‍ നാല്‍പ്പതില്‍ പരം ഉദ്യോഗദായകരും, മൂവായിരത്തോളം  ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. 578 പേര്‍ക്ക് ഉടനടി നിയമനം ലഭിക്കുകയും  917 പേരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ചു.  മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ചെറിയാന്‍ ജെ. കോട്ടയില്‍,  മാക്ഫാസ്റ്റ് കോളജ് അഡ്മിനിസ്ട്രേറ്റര്‍ വര്‍ഗീസ് ഏബ്രഹാം,  എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ വില്‍സന്‍ ജോസഫ്, എസ്. അനില്‍കുമാര്‍, മാക്ഫാസ്റ്റ് കോളജ് പ്ലേസ്മെന്റ് ഓഫീസര്‍  നിതിന്‍ മാത്യു ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.