വാഹങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പ് ,ഭക്തര്‍ക്ക് അന്നദാനം: സന്നദ്ധസേവനത്തിന് മാതൃകയായി അയ്യപ്പസേവാസംഘം

post

പത്തനംതിട്ട : ളാഹ മുതല്‍ പമ്പ വരെ ധൈര്യമായി വാഹനമോടിച്ചോളൂ എന്ത് തകരാറ് വന്നാലും സഹായത്തിനു അയ്യപ്പസേവാസംഘമുണ്ട്. അവരുടെ വര്‍ക്ക്‌ഷോപ്പുണ്ട്. ഇരുപത്തിനാലു മണിക്കൂറും വിദഗ്ധ ഫിറ്റര്‍മാരുടെ സേവനവുമുണ്ട് നിലയ്ക്കലിലാണ് മഹീന്ദ്രയുടെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പ് അയ്യപ്പസേവാസംഘം നടത്തുന്നത്. (ഫോണ്‍ :04735 205309 ). ഇങ്ങനെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമാവുകയാണ്  അഖിലഭാരത അയ്യപ്പ സേവാസംഘം. വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടാണ് അയ്യപ്പ സേവാ സംഘം ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുന്നത്. അന്നദാനം , ശുചീകരണം, കുടിവെള്ള വിതരണം, എന്നിവയ്ക്ക് പുറമെ  അടിയന്തിരഘട്ടങ്ങളില്‍ ഭക്തജനങ്ങളെ സ്‌ട്രെച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും അയ്യപ്പസേവ സംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ജാഗരൂകരായുണ്ട്. ഇക്കുറി രണ്ടാം ഘട്ടത്തില്‍ പമ്പയിലും ശബരിമലയിലുമായി 210 പേരാണ് സേവനനിരതരായുള്ളത്.

 1945ല്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. വേലായുധന്‍പിള്ളയാണ് അഖിലഭാരത അയ്യപ്പസേവാസംഘം സ്ഥാപിച്ചത്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സംഘം ഇന്ന് ഭക്തരുടെ ഒട്ടുമിക്ക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു . അയ്യപ്പസേവ സംഘത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് എമര്‍ജന്‍സി സ്‌ട്രെച്ചര്‍ സര്‍വീസ്. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും വോളന്റിയര്‍മാര്‍ തീര്‍ഥാടകരുടെ സേവനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനംവരെയുള്ള ആരോഗ്യവകുപ്പിന്റെ 12 എമര്‍ജന്‍സി മാനേജ്മന്റ് സെന്ററുകളിലും സേവനസന്നദ്ധരായി അയ്യപ്പസേവാ സംഘം വളണ്ടിയര്‍മാരുണ്ട് .

ദര്‍ശനത്തിന് തീര്‍ഥാടകരുടെ നീണ്ടനിര അനുഭവപ്പെടുന്ന സമയങ്ങളിലും വിരി വെച്ചിരിക്കുന്ന സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണവും അയ്യപ്പസേവാസംഘം നടത്തുന്നു.

പമ്പയിലും സന്നിധാനത്തുമുള്ള അന്നദാനമാണ് മറ്റൊരു പ്രധാന സേവനം. ദര്‍ശനത്തിനെത്തുന്നവര്‍ക്കെല്ലാം ആഹാരം നല്‍കുകകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്ത്  രാവിലെ ആറരമുതല്‍ രാത്രി പത്തരവരെ അന്നദാനം നടക്കുന്നു.  നിരവധി പേരാണ് നിത്യവും ഇവിടെ നിന്നും ആഹാരം കഴിക്കുന്നത്. പ്രാതല്‍, ഊണ് ,അത്താഴം എന്നിങ്ങനെയാണ് ഭക്ഷണവിതരണം. പമ്പയില്‍ രാവിലെ ആറരമുതല്‍ പകല്‍ പതിനൊന്നുവരെയും ഉച്ചയ്ക്ക് പന്ത്രണ്ടുമുതല്‍ വൈകീട്ട് അഞ്ചു വരെയും ശേഷം വൈകീട്ട് ആറരമുതല്‍ രാത്രി പത്തരവരെയുമാണ് ഭക്ഷണവിതരണം.

നേരത്തെ ശബരിമലയിലെ ആതുര ശുശ്രൂഷ രംഗത്തും അയ്യപ്പസേവാസംഘം സാന്നിധ്യമറിയിച്ചിരുന്നു. സന്നിധാനം,പമ്പ,വലിയാനവട്ടം എന്നിവിടങ്ങളില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഡിസ്‌പെന്‍സറികള്‍ തുറന്നുകൊണ്ടായിരുന്നു ഇത്. ഇക്കുറി കോവിഡ് പശ്ചാത്തലത്തില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല.  

ദേവസ്വംബോര്‍ഡിന്റെ ശുചീകരണ വിഭാഗവുമായും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളുമായും ചേര്‍ന്ന് ശബരിമല സന്നിധാനവും പരിസരവും ശുചിയാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയിലും അയ്യപ്പ സേവാസംഘം വോളന്റിയേഴ്‌സ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സന്നദ്ധസേവകര്‍ ഏറെയും  തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്.കേരളത്തില്‍ നിന്നുള്ളവരുമുണ്ട്.

തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും പാലക്കാട്ടെയും അയ്യപ്പ സേവാസംഘം ബ്രാഞ്ചുകള്‍ മുഖേനെ സൗജന്യമായി  ശേഖരിക്കുന്ന അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമാണ് സന്നിധാനത്തെത്തിക്കുന്നത്. കടത്തുകൂലി മാത്രം സംഘം വഹിക്കും. ക്യാമ്പ് ഓഫീസര്‍ എസ് എം ആര്‍ ബാലസുബ്രഹ്‌മണ്യം ജോയിന്റ് ഓഫീസര്‍മാരായ രവിചന്ദ്രന്‍, നരസിംഹമൂര്‍ത്തി , കൊച്ചു കൃഷ്ണന്‍ നവനീത് കൃഷ്ണന്‍, മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ ടീം ആണ് ശബരിമലയിലെ  പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്.