ശബരിമല ദര്‍ശനം: പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ എത്തിതുടങ്ങി

post

പത്തനംതിട്ട:  പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തി തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തി വിടാന്‍ തുടങ്ങിയത്. കന്നിഅയ്യപ്പന്മാര്‍ക്ക് ശരം കുത്തിയും നീലിമലയും ചവിട്ടി സന്നിധാനത്തേക്ക് വരാന്‍ പാത തുറന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി അരുണ്‍ പറഞ്ഞു. പരമ്പരാഗത പാതയിലൂടെയെത്തി അയ്യപ്പദര്‍ശനം നടത്താനായതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് ഡിണ്ടിഗലില്‍ നിന്നുള്ള മാരിമുത്തുവും. കോവിഡ് പരിശോധനകളിലൂടെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും പമ്പയില്‍ സ്‌നാനം അനുവദിച്ചതും പരമ്പരാഗത പാത തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാരിമുത്തു നന്ദി പറഞ്ഞു. പാത തുറന്നതോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെയും പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്. കാര്യങ്ങള്‍ വിലയിരുത്തി ആവശ്യാനുസരണം വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എഡിഎം പറഞ്ഞു.

പുലര്‍ച്ചെ രണ്ടു  മുതല്‍ രാത്രി എട്ടു വരെയാണ് പമ്പ- സന്നിധാനം പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നത്. തീര്‍ഥാടകരുടെ ആവശ്യാനുസരണം നീലിമല വഴിയും, സ്വാമി അയ്യപ്പന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. പമ്പയില്‍ സ്‌നാനത്തിനുള്ള അനുമതി ശനിയാഴ്ച തന്നെ നല്‍കിയിരുന്നു.  

മല കയറുന്ന ഭക്തര്‍ക്കായി ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തനക്ഷമമാണ്. ആവശ്യമായ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 44 കുടിവെള്ള കിയോസ്‌കുകളും ചുക്കുവെള്ള  വിതരണ സംവിധാനവും ഏര്‍പ്പെടുത്തി. 56 ടോയ്ലറ്റ് യൂണിറ്റുകളും അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രച്ചര്‍ യൂണിറ്റുകളും സജ്ജമാണ്.