സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

post

എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ഇലക്ടറല്‍ റോള്‍  ഒബ്‌സര്‍വര്‍

പത്തനംതിട്ട : ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ മിനി ആന്റണി പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബ്‌സര്‍വര്‍. മുന്നൊരുക്കങ്ങളും നിലവിലുള്ള സാഹചര്യവും വിലയിരുത്തി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. പൊതുപ്രവര്‍ത്തകരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഐക്യം മുന്‍പ് ഉണ്ടായിരുന്നത് പോലെ തന്നെ നിലനിര്‍ത്തണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഈ മാസം 30 വരെയാണുള്ളത്.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. വില്ലേജ് അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങളുടെയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. കോവിഡിന്റെ സാഹചര്യത്തില്‍ യുവജന പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഇവ വര്‍ധിപ്പിക്കുന്നിന്റെ ഭാഗമായുള്ള അവബോധ പരിപാടികളും കാമ്പയ്‌നും വര്‍ധിപ്പിക്കണം. പ്രായപൂര്‍ത്തിയായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. വോട്ടര്‍ പട്ടികയിലെ തിരുത്തലുകളും ചേര്‍ക്കലുകളും ശരിയായ രീതിയിലായിരിക്കണം. ഉള്‍പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള നെറ്റ്വര്‍ക്ക്  റേഞ്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാവിധ സഹകരണവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഒബ്‌സര്‍വര്‍ അഭ്യര്‍ഥിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ. പുരുഷോത്തമന്‍ പിള്ള, അഡ്വ.എ. സുരേഷ് കുമാര്‍, തോമസ് ജേക്കബ്, പി.എസ്. പ്രകാശ്, അജിത്ത് പുല്ലാട്, തഹസീല്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, എഇആര്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.