ജീവനം-ജീവധനം പദ്ധതിക്ക് തുടക്കമായി

post

ഇടുക്കി: ജീവനം-ജീവധനം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി എസ്എന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കേരള വെറ്റിനറി സര്‍വകലാശാലയും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്, കേരള പൗള്‍ട്രീ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും സംയുക്തമായിട്ടാണ് ജീവനം - ജീവധനം പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക-തൊഴില്‍ സ്വയംപര്യാപ്തത നേടുക, കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

കഞ്ഞിക്കുഴി എസ്എന്‍ വൊക്കേഷണല്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം. പ്രദീപ് എന്‍എസ്എസ്  വോളന്റീര്‍ അനിറ്റ ജോസിന് കോഴിക്കുഞ്ഞിനെ നല്‍കികൊണ്ട് നിര്‍വഹിച്ചു.  കോഴി വളര്‍ത്തേണ്ടതെങ്ങനെയെന്ന് കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ഡോക്ടര്‍ ഗ്ലാഡി എം വെമ്പള്ളി വിശദീകരിച്ചു. സ്‌കൂളിലെ  61 കുട്ടികള്‍ക്ക് 5 കോഴിക്കുഞ്ഞുങ്ങള്‍, ഒരു കിലോ കോഴി തീറ്റ, മരുന്ന് എന്നിവയും  വിതരണം ചെയ്തു.  എന്‍എസ്എസ് പ്രോഗ്രാം ഓഫിസിര്‍ മഞ്ജു പി വിശ്വംബരന്‍, അദ്ധ്യാപകരായ അനൂപ് പി ജി, ശാരി പുഷ്പന്‍, ബിജുമോന്‍  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.